റിപ്പര്‍ ജയാനന്ദന്റെ മാതൃക ‘ഈശോ‘; ഇഷ്ടതാരം കലാഭവന്‍ മണി
തൃശൂര്‍|
WEBDUNIA|
PRO
PRO
ഒമ്പത് കൊലപാതകങ്ങളും 35 മോഷണക്കേസുകളും സ്വന്തം പേരിലുള്ള ജയാനന്ദന്‍ ജീവിതത്തില്‍ മാതൃകയാക്കിയത് ഈശോയെ. സംശയിക്കേണ്ട യേശുക്രിസ്തുവിനെയല്ല. മമ്മൂട്ടി നായകനായ സേതുരാമയ്യര്‍ സിബിഐയില്‍ മോഷണത്തിന് മുമ്പ് കുടുംബത്തെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്ന കലാഭവന്‍ മണി അഭിനയിച്ച 'ഈശോ' എന്ന കഥാപാത്രമാണ് ജയാനന്ദനെ സ്വാധീനിച്ചത്. മണിയുടെ കഥാപാത്രവും വധശിക്ഷ കാത്തുകിടക്കുന്ന കുറ്റവാളിയുടേതായിരുന്നു. ജയാനന്ദന്റെ ഇഷ്ടതാരവും കലാഭവന്‍ മണിയാണ്.
പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഗാനമേള കാണാനും ജയാനന്ദന്‍ എത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെത് ഉള്‍പ്പെടെ ഭക്ഷണം ലഭിക്കുന്ന പൊതുപരിപാടികളിലെല്ലാം ജയാനന്ദന്‍ പതിവായി എത്തുമായിരുന്നു. സിപിഎമ്മിന്റെ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ജയാനന്ദന്‍ മാള സ്വദേശികളായ ചിലരെ കണ്ടതോടെയാണ് മുങ്ങിയത്. പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ക്കിടയിലും എത്തിയപ്പോള്‍ തിരിച്ചറിയപ്പെടുന്നില്ല എന്ന ആത്മവിശ്വാസമാണ് ദേശീയപാതയില്‍ നടന്ന ബിജെപിയുടെ കാല്‍നടയാത്രയ്ക്കിടയിലും ജയാനന്ദനെ കൊണ്ടെത്തിച്ചത്.
മോഷ്ടിച്ച സൈക്കിളില്‍ പോലീസിന്റെയും പൊതുജനത്തിന്റെയും കണ്‍മുന്നില്‍ കറങ്ങിനടന്ന റിപ്പര്‍ ജയാനന്ദന്‍ നടത്തിയത് നിരവധി മോഷണളും നടത്തി. രണ്ടിടത്തുനിന്നായി മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. കല്ലേറ്റുങ്കര പിഷാരിക്കല്‍ ക്ഷേത്രത്തിന്റെ നാല് ചെമ്പ് താഴികക്കുടങ്ങള്‍ മോഷ്ടിച്ചതായി ജയാനന്ദന്‍ സമ്മതിച്ചു. 2750 രൂപയ്ക്കാണ് താഴികക്കുടങ്ങള്‍ വിറ്റത്. കല്ലേറ്റുങ്കരയില്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടേതാണ് ഒരു മൊബൈല്‍ ഫോണ്‍. ഇയാള്‍ ജോലി ചെയ്യുന്ന ഹോളോബ്രിക്‌സ് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ഫോണ്‍ മോഷ്ടിച്ചതെന്ന് ജയാനന്ദന്‍ പറഞ്ഞു.
ആളൂരിലെ ബംഗാളി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് രണ്ടാമത്തെ മൊബൈല്‍ മോഷ്ടിച്ചത്. വീട് കുത്തിത്തുറക്കുന്നതിനുള്ള ആയുധങ്ങളും ജയാനന്ദന്റെ കൈവശമുണ്ടായിരുന്നു. ഇതും പൊലീസിന് ലഭിച്ചിട്ടുണ്ട്.
പാലിയേക്കര, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്ന് ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തിയ ജയാനന്ദന്‍ സഞ്ചരിച്ച സൈക്കിള്‍ കൊടുങ്ങല്ലൂരില്‍ നിന്ന് മോഷ്ടിച്ചതായിരുന്നു. കാവില്‍കടവ് ചൂരപ്പെട്ടി ഗോപാലകൃഷ്ണന്റേതാണ് സൈക്കിള്‍. ഉടമ സ്റ്റേഷനിലെത്തി സൈക്കിള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്നായിരുന്നു മോഷണം. പിടിക്കപ്പെടുന്നതിന്റെ തലേന്ന് രാത്രി പാലിയേക്കര മേല്‍പ്പാലത്തിനു താഴെയായിരുന്നു ജയാനന്ദന്‍ ഉറങ്ങിയത്. തിങ്കളാഴ്ച രാവിലെ തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലും ഇയാള്‍ എത്തിയിരുന്നു.