മൊണ്ടേക് സിംഗ് അലുവാലിയയ്ക്ക് ഡി- ലിറ്റ് നല്‍കും

തേഞ്ഞിപ്പലം| WEBDUNIA|
PTI
PTI
കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയ്ക്ക് കാലിക്കറ്റ് സര്‍വ്വകലാശാല ഡി- ലിറ്റ് നല്‍കും. അലുവാലിയയുടെ അസാന്നിധ്യത്തില്‍ ഇന്ന് ഡി- ലിറ്റ് നല്‍കാനാകില്ലെന്ന് നേരത്തെ ഗവര്‍ണര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ ഒപ്പിടുകയും ചെയ്തിരുന്നില്ല. എന്നാല്‍ ഗവര്‍ണറും വൈസ് ചാന്‍സിലറും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാ‍നമായത്. അലുവാലിയയ്ക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി ഡി-ലിറ്റ് ഏറ്റുവാങ്ങും.

നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന അലുവാലിയക്ക് ഡി- ലിറ്റ് നല്‍കുന്നതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല നോമിനേറ്റഡ് സിന്‍ഡിക്കേറ്റാണ് അലുവാലിയ ഉള്‍പെടെയുള്ളവര്‍ക്ക് ഡി- ലിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. സെനറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഇതുവരെയും സെനറ്റ് വിളിച്ചുചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സെനറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ഡി- ലിറ്റ് നല്‍കാന്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചതെന്ന് ആക്ഷേപമുണ്ട്.

അതേ സമയം നവ ലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന മൊണ്ടേക് സിംഗ് അലുവാലിയയ്ക്ക് എന്തടിസ്ഥാനത്തിലാണ് ഡീലിറ്റ് നല്‍കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കേരളത്തില്‍ നെല്‍ കൃഷി മാതൃകയല്ല, കേരളത്തില്‍ വരുമാനം കൂടുതലുള്ളതുകൊണ്ട് ഭക്ഷ്യ വസ്തുക്കളുടെ വിലകൂടിയാലും പ്രശ്‌നമില്ല തുടങ്ങിയ വിവാദ പ്രസ്താവനകള്‍ നടത്തിയ ഒരാളെ സര്‍വകലാശാല ആദരിക്കുന്നതിനെയാണ് വിവിധ സംഘടനകള്‍ ചോദ്യംചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :