മൂലമറ്റത്ത് തീപിടിത്തം‍; രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു

തൊടുപുഴ| WEBDUNIA|
മൂലമറ്റം പവര്‍ഹൗസില്‍ ജനറേറ്ററിന് തീപിടിച്ചതിനെത്തുടര്‍ന്ന് രണ്ട് ജനറേറ്ററുകളില്‍ ഉല്പാദനം നിലച്ചു. ഞായറാഴ്ച വകുന്നേരം ആറുമണിക്കാണ് തീപിടിത്തമുണ്ടായത്. ചെറിയ തീപിടിത്തമാണെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ ഓക്‌സിലറി സപ്ലൈയ്ക്ക് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് പാനല്‍ ബോര്‍ഡിന്റെ ഐസോലേറ്ററിലേക്ക് തീപടരുകയായിരുന്നു. ഇതുമൂലം ഒന്നും രണ്ടും ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു.

അറു ജനറേറ്ററുകളുള്ള പവര്‍ഹൌസില്‍ നിന്ന് നാലെണ്ണത്തില്‍ നിന്നുമാത്രമേ ഇപ്പോള്‍ ഒരേസമയം വൈദ്യുതി ഉല്പാദിപ്പിക്കുന്നുള്ളൂ. തീപിടിച്ച ജനറേറ്ററുകള്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിക്കുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

തീപിടിച്ചയുടന്‍ ജീവനക്കാര്‍ തന്നെ തീ കെടുത്തുകയായിരുന്നു. സംഭവംമൂലം വൈദ്യുതി ഉല്പാദനത്തില്‍ കുറവുണ്ടാകില്ലെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സിജി ജോസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ഈ പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായി രണ്ട് എന്‍ജിനിയര്‍മാര്‍ മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :