മുല്ലപ്പെരിയാര്‍: അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാടിന് അനുമതി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വീണ്ടും കേരളത്തിന് തിരിച്ചടി. അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താന്‍ സുപ്രീംകോടതി തമിഴ്നാടിന് അനുമതി നല്‍കി. തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിച്ചാണ്‌ കേസ്‌ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നടപടി. മുല്ലപ്പെരിയാറില്‍ തല്‍‌സ്ഥിതി തുടരണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടിയാണ് ഈ ഉത്തരവ്.

സുരക്ഷ കണക്കിലെടുത്ത്‌ അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. അറ്റകുറ്റപ്പണി നടത്തേണ്ട ആവശ്യത്തെക്കുറിച്ച്‌ ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതായും തമിഴ്‌നാട്‌ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍ നിര്‍ദേശിക്കുന്ന ഒരു പ്രതിനിധിയും ഇരു സംസ്ഥാനങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയാകും അറ്റകുറ്റപ്പണികള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുക.

അതേസമയം, മുല്ലപ്പെരിയാറില്‍ നിന്ന്‌ വള്ളക്കടവിലേക്കുള്ള റോഡ്‌ അറ്റകുറ്റപ്പണി നടത്താനും മരങ്ങള്‍ വെട്ടിമാറ്റാനും ബേബി ഡാമിന്‌ മുകളിലേക്കുള്ള മരങ്ങള്‍ വെട്ടിമാറ്റാനും അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി തള്ളി. ഇക്കാര്യത്തില്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനാണ്‌ കോടതിയുടെ നിര്‍ദേശം. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്‌ ആധാരമാക്കിയ പഠന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :