യേശു ക്രിസ്‌തുവിന്റെ പുനരവതാരമെന്ന് സ്വയം അവകാശപ്പെടുന്ന ആള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ മിട്ടാഹള്ളി ഗ്രാമത്തില്‍ നിന്നുള്ള എം ഇല്യാസിന്റെ (45) പത്രികയാണ് തള്ളിയത്.
നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ആവശ്യമായ രേഖകള്‍ ഇല്യാസ് സമര്‍പ്പിച്ചില്ലെന്ന കാരണം കാണിച്ചാണ് കൃഷ്ണഗിരി കാവേരിപട്ടണം റിട്ടേണിംഗ് ഓഫീസര്‍ വികെ അഗ്നിഹോത്രി പത്രിക തള്ളിയത്.
ഇസ്ലാം മതത്തില്‍ ജനിച്ച ഇല്യാസ് ക്രിസ്‌തുവിന്റെ പുനരവതാരമെന്നാണ് അവകാശപ്പെടുന്നത്. ‘മതരഹിത മനുഷ്യന്‍‘ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. മതം, വംശം, ജാതി എന്നിവയ്ക്ക് അതീതമായ ലോകം സൃഷ്‌ടിക്കാന്‍ പോരാടുന്ന താന്‍ ക്രിസ്‌തുവിന്റെ പുനരവതാരമാണെന്ന് ലോകം തിരിച്ചറിയും എന്നും ഇയാള്‍ വാദിക്കുന്നു.
പത്രിക തള്ളിയതിനെക്കുറിച്ച് ഇയാളുടെ പ്രതികരണം ഇങ്ങനെ: “താന്‍ ലോകത്തിന്റെ പ്രസിഡന്റ്(യേശു ക്രിസ്‌തു) ആയിരിക്കുമ്പോള്‍ എന്തിന് പത്രിക തള്ളിയതിനെക്കുറിച്ച് ചിന്തിക്കണം“.
2011-ല്‍ ദേശീയ പതാകയെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ബാന്‍ കി മൂണിനെ തെരഞ്ഞെടുപ്പില്ലാതെ തന്നെ യു എന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തിനെതിരെ ഇയാള്‍ പ്രതിഷേധിച്ചപ്പോഴായിരുന്നു ഇത്.