മുംബൈയില്‍ നാവികസേനയുടെ അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ച ലിജുവിന്റേയും വിഷ്ണുവിന്റേയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.
മൃതദേഹങ്ങള്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയും മരിച്ചവരുടെ ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. വിഷ്ണുവിന്റെ മൃതദേഹം ജന്മനാടായ ഹരിപ്പാടേയ്ക്ക് കൊണ്ടുപോയി. ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിലാകും മൃതദേഹം സംസ്കരിക്കുക.
ലിജുവിന്റെ മൃതദേഹം നിരവധി വാഹനങ്ങളുടെ അടമ്പടിയോടെ വിമാനത്താവളത്തില്‍ നിന്നും വിലാപയാത്രയായി ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോയി. വെള്ളറട വാഴിച്ചല്‍ എല്‍വി. ഹൗസില്‍ ലോറൻസ്-വിമല ദമ്പതികളുടെ മകനാണ് ലിജു.
വാവോട് സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വാഴിച്ചല്‍ ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചില്‍ സംസ്കാരചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ അപകടത്തില്‍ നാല് മലയാളികള്‍ അടക്കം 18 പേരാണ് മരിച്ചത്. ഫോറന്‍സിക് പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.