മന്ത്രിസഭാ പുന:സംഘടനയില്‍ പുതിയ പ്രശ്നഫോര്‍മുലയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പോ ഉപമുഖ്യമന്ത്രിപദമോ നല്‍കാമെന്ന ഫോര്‍മുലയാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്. കേരളാ ഹൌസിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം നേതാക്കളുമായി പങ്കിട്ടത്. ചര്‍ച്ചയില്‍ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എംഐ ഷാനവാസ്, കെ സുധാകരന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. എ ഗ്രൂപ്പിനെ പ്രതിനീധീകരിച്ച് കെസി ജോസഫ്, ബെന്നി ബെഹന്നാന്‍ എന്നിവരാണ് പങ്കെടുത്തത്.
രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കിയാല്‍ ആഭ്യന്തരം എ ഗ്രൂപ്പ് നിലനിര്‍ത്തും. അങ്ങനെ വന്നാല്‍ രമേശ് ചെന്നിത്തലയ്ക്ക് റവന്യു വകുപ്പ് ലഭിക്കും. ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് ഘടകകക്ഷികളെ മുഖ്യമന്ത്രി വിശ്വാസ്യത്തിലെടുക്കും. ആവശ്യമാണെങ്കില്‍ ഘടകകക്ഷികളെ ഡല്‍ഹിയ്ക്ക് വിളിപ്പിയ്ക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഐഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് രമേശ് ചെന്നിത്തല അഹമ്മദ് പട്ടേലുമായും മുകുള്‍ വാസിനിക്കുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി. രമേശ് ചെന്നിത്തല രണ്ട് ദിവസത്തിനുള്ളില്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചനടത്തും. അതേസമയം, സോണിയാഗാന്ധിയെ കാണാന്‍ അനുമതി ലഭിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മടങ്ങി.