മിത്രയ്ക്കെതിരെ ലുക്കൌട്ട് നോട്ടീസ്

പത്തനംതിട്ട| ശ്രീകലാ ബേബി|
PRO
PRO
യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തിന് സഹായം ചെയ്തു എന്ന് കരുതപ്പെടുന്ന മിത്രസൂസന്‍ ജോണ്‍ ഉള്‍പ്പെടെയുള്ള കോളജ് വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. മിത്ര നാട്ടില്‍ തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പൊലീസിന്റെ സംശയം. പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മിത്ര നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ പെണ്‍കുട്ടിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. അതിനിടെ മിത്രയെ ചില പൊലീസുകാര്‍ സഹായിക്കുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ മിത്രയെ ഒളിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് ആരോപണം.

റാന്നി ചക്യാനിക്കുഴിയില്‍ ലിജു(22)വിനെ ഫോണില്‍ വിളിച്ച് വരുത്തി ക്വട്ടേഷന്‍ സംഘങ്ങളുടെ മുന്നില്‍ എത്തിച്ചു എന്നാണ് മിത്രയ്ക്കെതിരായ കേസ്. മിത്രയുമായി തനിക്ക് മുന്‍‌പരിചയമില്ലെന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമത്തിനിരയായ ലിജു പറഞ്ഞിരുന്നു.

ലിജുവിന്റെ സുഹൃത്ത് പ്രിയയുടെ പരിചയക്കാരിയാണെന്ന് പരിചയപ്പെടുത്തിയാണ് മിത്ര ഇയാളെ ഫോണില്‍ വിളിച്ചത്. മിത്ര രാത്രി വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതിനേത്തുടര്‍ന്ന് ലിജു ബൈക്കില്‍ വരുമ്പോഴാണ് ആക്രമം ഉണ്ടായത്.

മിത്ര ബോധപൂര്‍വം ലിജുവിനെ ക്വട്ടേഷന്‍ സംഘത്തിന് മുന്‍പില്‍ എത്തിക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവത്തിന്റെ തലേദിവസം മിത്ര ഉള്‍പ്പെടുന്ന സംഘം കാറില്‍ ഇരുന്ന് ലിജുവിനെ ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഏഴുപേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേര്‍ മാത്രമേ പിടിയിലായിട്ടുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :