ക്വട്ടേഷന്‍ ആക്രമണം: വിദ്യാര്‍ത്ഥിനി പിടിയിലായി

പത്തനംതിട്ട| WEBDUNIA|
PRO
PRO
ഓമല്ലൂരില്‍ ക്വട്ടേഷന്‍ സംഘം യുവാവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥിനിയെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. പൊലീസിനെ കബിളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്ന റാന്നി സെന്റ്‌ തോമസ്‌ കോളജ് വിദ്യാര്‍ത്ഥിനി മിത്രാ സൂസന്‍ ഏബ്രഹാമാണ്‌ പൊലീസ്‌ പിടിയിലായത്. എന്നാല്‍ ഈ വിവരം പൊലീസ് സ്ഥിരീ‍കരിച്ചിട്ടില്ല.

ഗൂഢാലോചനാക്കുറ്റം ചുമത്തി പിടികൂടിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ടയിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തുവരികയാണെന്നാണ് സൂചന. സംഭവത്തിലെ മൂന്ന് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റാന്നി സെന്റ് തോമസ്‌ കോളജ്‌ വിദ്യാര്‍ത്ഥികളായ വടശേരിക്കര ഇടത്തറമുക്ക്‌ നടുവത്തുമുക്ക്‌ ഡേവിഡ്‌ (റോഷന്‍-20), നാരങ്ങാനം കണമുക്ക്‌ പൊട്ടന്‍മലയില്‍ അരുണ്‍ (19), ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട റാന്നി പഴവങ്ങാടി ചെല്ലനാട്ട്‌ മുറി വഞ്ചിക്കാലായില്‍ ദിലീപ്(25) എന്നിവരാണിവര്‍. ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ചു എന്നാണ് മിത്രയ്ക്കെതിരെയുള്ള കേസ്.

റാന്നി മുക്കാലുമണ്‍ ചാക്യാനക്കുഴിയില്‍ ലിജുവിനാണ് (25) ഓഗസ്റ്റ് അഞ്ചിന് ക്വട്ടേഷന്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. കുറച്ചുനാള്‍ മുമ്പ് റാന്നി സെന്റ്‌ തോമസ്‌ കോളജില്‍ നടന്ന അക്രമത്തിന്റെ പ്രതികാരമാണ് വധശ്രമമെന്ന് പൊലീസ്‌ അറിയിച്ചു. കോളജില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം മൂത്തപ്പോള്‍ ലിജുവും സുഹൃത്തും ചേര്‍ന്ന് അരുണിനെയും ഡേവിഡിനെയും മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ്‌ പറയുന്നു.

തുടര്‍ന്ന് സഹപാഠിയായ മിത്രയെ ഉപയോഗിച്ച് അരുണും ഡേവിഡും ലിജുവിനെ കുടുക്കുകയായിരുന്നു. മിത്രയുടെ ആവശ്യപ്രകാരം ഓഗസ്റ്റ് നാലാം തീയതി രാത്രി മഞ്ഞനിക്കരയിലേക്ക് വരുമ്പോഴാണ് ലിജു ആക്രമിക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :