മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കേരള പൊലിസിന്റെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ട് കഴിഞ്ഞ അഞ്ചു ദിവസമായി വനമേഖലയില്‍ നടത്തിവരുന്ന തിരച്ചില്‍ അവസാനിപ്പിച്ചു. തിരുനെല്ലി, പുല്‍പ്പള്ളി പൊലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വിശ്രമത്തിലാണ് കമാന്‍ഡോകള്‍. എന്നാല്‍ പൊലിസ് സ്റ്റേഷനുകള്‍ക്കും പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കുമുള്ള കാവല്‍ തുടരുന്നു.
അഞ്ചു ദിവസത്തോളം രാവുംപകലുമില്ലാതെ കാടിനുള്ളിലാണ് കമാന്‍ഡോകള്‍ കഴിച്ചുകൂട്ടിയത്. തിരുനെല്ലിക്കാടുകള്‍, തോല്‍പ്പെട്ടി വന്യജീവിസങ്കേതം, കുറിച്യാട്, മുത്തങ്ങ വനമേഖലകള്‍ എന്നിവയാണ് കമാന്‍ഡോ സംഘം അരിച്ചുപെറുക്കിയത്. എന്നാല്‍ മാവോയിസ്റ്റുകളെ കണ്ടെത്താനായില്ല.
ഇതുവരെയുള്ള സ്ഥിതിവിശേഷങ്ങള്‍ വിലയിരുത്തിയ ശേഷം ഉന്നതോദ്യോഗസ്ഥരുടെ അനുമതിയോടു കൂടിയേ കമാന്‍ഡോകളെ പിന്‍വലിക്കുകയുള്ളുവെന്ന് ജില്ലയിലെ പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.
പൊലീസ് സ്റ്റേഷനുകള്‍ക്കു നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടാവുമെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏതാനും പൊലീസ് സ്റ്റേഷനുകള്‍ക്കു ദിവസങ്ങളായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
ഇതിനു പുറമെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുത്തങ്ങ വാര്‍ഷികം, നക്സല്‍ വര്‍ഗീസ് ചരമവാര്‍ഷികം എന്നിവയോടനുബന്ധിച്ച് മാവോയിസ്റ്റ് ആക്രമണമുണ്ടാവുമെന്നായിരുന്നു ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്.