മാണിയും കുഞ്ഞാലിക്കുട്ടിയും മാത്രമാണോ യുഡി‌എഫ്?; മറ്റു ഘടക കക്ഷികളില്‍ അതൃപ്തി

തിരുവനന്തപുരം| WEBDUNIA|
PRO
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് മുസ്ളീലീഗും കേരളാ കോണ്‍ഗ്രസു (എം)മായി മാത്രം ചർച്ച ​നടത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് യുഡിഎഫിലെ ചെറുകക്ഷികളുടെ പരസ്യവിമര്‍ശനം. കേരളാ കോണ്‍ഗ്രസ് (ബി)​,​ ജെഎസ്എസ്,​ സിഎംപി,​ കേരളാ കോണ്‍ഗ്രസ് (ജേക്കബ്)​ തുടങ്ങിയ കക്ഷികളാണ് പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

യുഡിഎഫിലെ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയേണ്ട അവസ്ഥയിലേക്ക് ഘടകകക്ഷികള്‍ മാറിയെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. ചര്‍ച്ചയ്ക്കായി പോകുന്നകാര്യം പ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ അറിയിച്ചിട്ടില്ലെന്ന് എങ്ങനെ അവരോട് പറയാനാകുമെന്നും ഈ നിലയില്‍ തുടരുന്നത് താല്പര്യമില്ലെന്നും നെല്ലൂര്‍ പറഞ്ഞു.


ചെറിയ കക്ഷികള്‍ക്കും സ്ഥാനമുണ്ടെന്ന് യുഡിഎഫ് തിരിച്ചറിയണമെന്ന് ജെഎസ്എസ് നേതാവ് കെകെഷാജു. രണ്ട് പാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ യുഡിഎഫ് ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെറുകക്ഷികളെ യുഡിഎഫ് അവഗണിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയും അഭിപ്രായപ്പെട്ടു. സദ്യയ്ക്കു ശേഷം ഇല പുറത്തു വയ്ക്കുന്ന ഏര്‍പ്പാടാണിതെന്നും. താനും കൂടിച്ചേര്‍ന്നാണ് യുഡി‌എഫ് രൂപികരിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ മൂന്നു പേര്‍ കൂടിയാണ് യുഡിഎഫിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതില്‍ രമേശുണ്ടോ എന്നറിയില്ലെന്നും ഇത്രയും അപമാനം ഒരിക്കലും യുഡിഎഫില്‍ നിന്നു നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യുഡിഎഫ് അവഗണിക്കുന്നതായി ആര്‍എസ്പിബിയ്ക്ക് പരാതിയില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.അതേസമയം, മന്ത്രിസഭാ പുനഃസംഘടനയില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി പ്രശ്‌നം ചര്‍ച്ചചെയ്യുമെന്നും തങ്കച്ചന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :