വി എസിന് 90ന്‍റെ അത്തും പിത്തും, രാഷ്ട്രീയ വിഷാദരോഗി, എന്തോ തകരാറുണ്ട്: ലീഗ് നേതാക്കള്‍

കോഴിക്കോട്| WEBDUNIA|
PRO
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എന്തോ തകരാറുണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പാമൊലിന്‍ കേസ് തോറ്റതോടെ മറ്റ് പല കാര്യങ്ങളും വി എസ് വെറുതെ കുത്തിപ്പൊക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുല്‍ റഷീദിന്‍റെ നിയമനത്തെക്കുറിച്ചും കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്‍റെ മരണത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത്.

ദശകങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ചാണ് വി എസ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത്. ഒന്നോ രണ്ടോ ദശകങ്ങള്‍ക്ക് മുമ്പ് വി എസിന്‍റെ തൊഴില്‍ എന്തായിരുന്നു എന്ന് ആരെങ്കിലും അന്വേഷിച്ച് നടക്കുന്നുണ്ടോ? - കുഞ്ഞാലിക്കുട്ടി ചോദിച്ചു.

വി എസ് രാഷ്ട്രീയ വിഷാദരോഗിയാണെന്ന് കെ പി എ മജീദ് പറഞ്ഞു. തൊണ്ണൂറിലെത്തിയതിന്‍റെ അത്തും പിത്തുമാണ് അദ്ദേഹത്തിന്. ഓരോരുത്തരുടെ വ്യക്തിജീവിതത്തെ പരാമര്‍ശിച്ച് കുത്തിനോവിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയുമാണ് വി എസ് ചെയ്യുന്നത്. കേരളത്തിന്‍റെ പ്രതിപക്ഷനേതാവ് ഇത്രയും തരംതാഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല - കെ പി എ മജീദ് പറഞ്ഞു.

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുള്‍ റഷീദിന്‍റെ നിയമനം കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്താനാണെന്നാണ് വി എസ് ആരോപിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന വ്യക്തിയാണ് അബ്ദുള്‍ റഷീദെന്നും വി എസ് വ്യക്തമാക്കിയിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്‍റെ മരണത്തിന് ആയുധ ഇടപാടുമായി ബന്ധമുണ്ടെന്നും വി എസ് ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :