പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് സമനില നഷ്ടപ്പെട്ടെന്നും എന്തും പറയാമെന്ന നിലയിലേക്ക് അദ്ദേഹം എത്തിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ധാര്‍മികത ആരെയും പഠിപ്പിക്കാനാവില്ല - മുഖ്യമന്ത്രി വ്യക്തമാക്കി.
ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് പൊതുപ്രവര്‍ത്തകരുടെ സമനില തെറ്റുന്നത്. എന്തും പറയാമെന്ന നിലയിലാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ്. പൊതുപ്രവര്‍ത്തകര്‍ ഏതു നിലയിലായാലും മിതത്വം പാലിക്കണം. സമനില തെറ്റുമ്പോള്‍ വിലകുറഞ്ഞ എന്തും വിളിച്ചു പറയും - ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്വന്തം പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാത്തവരാണ് മറ്റുവഴികള്‍ തേടുന്നതെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിപക്ഷത്തിന് ഒരു ആരോപണം പോലും തെളിയിക്കാനായില്ല. സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പല തവണ ചര്‍ച്ചയ്ക്ക് തയ്യാറായതാണ്. സര്‍ക്കാര്‍ പറയുന്നത് എന്തെന്ന് മനസിലാക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത് - ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പാമോയില്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശ്രമിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.