നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് നടത്തിയ കേസില്‍ രണ്ടു പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. സിവില്‍ പൊലീസ് ഓഫിസര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രശാന്ത് കുമാര്‍, ട്രാവല്‍ ഏജന്റ് നിയാസ് എന്നിവരാണ് പിടിയിലായത്.
പ്രശാന്ത് കുമാര്‍ ഉള്‍പ്പെടെ ഒന്‍പതു പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞമാസം കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്‌തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മനുഷ്യക്കടത്ത് റാക്കറ്റ് നെടുമ്പാശേരി വിമാനത്താവളം വഴി മുന്നൂറിലധികം പേരെ വിദേശത്തേക്കു കടത്തിയതായി കണ്ടെത്തിയിരുന്നു.
വ്യാജരേഖകള്‍ ഉപയോഗിച്ചു നെടുമ്പാശേരിയില്‍ നിന്നു വിദേശത്തേക്ക് ആളുകളെ കടത്തിയ കേസില്‍ ഇമിഗ്രേഷന്‍ എസ്ഐ രാജു മാത്യൂ ഉള്‍പ്പെടെ ആറു പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
നെടുമ്പാശേരി മനുഷ്യകടത്ത് കേസ് സിബിഐക്ക് കൈമാറാന്‍ നാല് ദിവസം മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേസില്‍ ഉന്നത ഏജന്‍സിയുടെ അന്വേഷണം ആരംഭിക്കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.
കേസില്‍ അറസ്റ്റിലായ സിവില്‍ പൊലീസ് ഓഫിസര്‍ എ പി അജീബിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു 28 പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ഇന്റലിജന്‍സ്, വിജിലന്‍സ് വിഭാഗങ്ങള്‍ പ്രത്യേക അന്വേഷണം തുടങ്ങിയത്.