പൊറോട്ടയ്ക്കും ചായയ്ക്കും 6 രൂപ, ഊണിന് 30!

കോട്ടയം| WEBDUNIA|
PRO
സംസ്ഥാനത്ത് ഹോട്ടലുകളില്‍ വന്‍ വിലവര്‍ദ്ധനവ്. പച്ചക്കറി താഴ്ന്നു നില്‍ക്കുകയാണെങ്കിലും ഹോട്ടലുകളില്‍ വില മുകളിലേക്ക് കുതിക്കുകയാണ്. വില ഉയരുന്നതിനെതിരെ അധികൃതര്‍ കണ്ണടയ്ക്കുകയും ചെയ്യുന്നു.

പൊറോട്ടയ്ക്കും ഊണിനും വന്‍ വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നാലു രൂപയായിരുന്നു രണ്ടുമാസം മുമ്പ് വരെ പൊറോട്ടയുടെ വില. പിന്നീട് അത് അഞ്ചായും ഇപ്പോള്‍ ആറായും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചായുടെ വിലയും ആറു രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

പൊറോട്ടയുടെ വില കുത്തനെ ഉയര്‍ത്തുമ്പോള്‍ തന്നെ മൈദ അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന മറ്റ് ഭക്‍ഷ്യ വസ്തുക്കളുടെ വില ഉയര്‍ത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഊണിന് വില മുപ്പതുരൂപയാക്കി വര്‍ദ്ധിപ്പിച്ചു.

അത്യാവശ്യം വേണ്ട വിഭവങ്ങള്‍ പോലുമില്ലാതെയാണ് ഊണിന് മുപ്പത് രൂപ എന്ന നിരക്ക് ഈടാക്കുന്നത്. പലവ്യജ്ഞനങ്ങളുടെ വിലക്കയറ്റം മൂലമാണ് വിഭവങ്ങള്‍ക്ക് വില കൂട്ടിയിരിക്കുന്നതെന്നാണ് ഹോട്ടലുകള്‍ പറയുന്ന ന്യായം. എന്നാല്‍ വെളിച്ചെണ്ണ ഒഴികെ മറ്റുള്ളവയ്ക്കെല്ലാം വില താഴ്ന്നിട്ടുണ്ട്. പച്ചക്കറി വിലയും വളരെ കുറഞ്ഞുനില്‍ക്കുന്ന സമയമാണിത്.

ഹോട്ടലുകളിലെ ഈ അന്യായ വിലവര്‍ദ്ധന സാധാരണക്കാരെ വലയ്ക്കുകയാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും മറ്റും ഈ വിലവര്‍ദ്ധന താങ്ങാനാവുന്നതിലുമധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :