തൃശൂര്‍|
Last Modified വെള്ളി, 9 മെയ് 2014 (08:52 IST)
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. പൂരത്തിന്റെ ആരവവും മേളപ്പെരുമയും ഉയര്‍ത്തി പകല്‍പ്പൂരം തുടങ്ങി. പൂരദിവസം ആദ്യമെത്തിയത് ഘടകപൂരങ്ങളാണ്. ആര്‍പ്പു വിളികളുടെ നടുവിലൂടെ ആദ്യം കണിമംഗലം ശാസ്താവ്. പിന്നാലെ പനമുക്കംപിള്ളി ശാസ്താവ്. തുടര്‍ന്ന് ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഭഗവതിമാര്‍ . തട്ടകങ്ങളില്‍ നിന്ന് ദേവീദേവന്‍മാരോടൊപ്പം ഭക്തരും എത്തും. തൃശൂര്‍ പൂരത്തിന് മുഖ്യ പങ്കുവഹിക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പാണ് പൂരത്തിന്റെ മുഖ്യ സവിശേഷത. തിരുവമ്പാടി ഭഗവതിയാണ് ആദ്യം എഴുന്നള്ളുന്നത്.
മഠത്തിലേക്കുള്ള വരവില്‍ തിരുവമ്പാടി രാമഭദ്രന്‍ തിടമ്പേറ്റും. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ പെരുമയില്‍ മഠത്തില്‍വരവ്. പ്രമാണം അന്നമനട പരമേശ്വരമാരാര്‍. തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. നായ്ക്കനാലില്‍ പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥനിലേക്ക്. പതിനഞ്ച് ആനകള്‍ അണിനിരക്കും.
ഉച്ചയ്ക്കാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്. മേളം ചെമ്പട. പ്രമാണം പെരുവനം കുട്ടന്‍മാരാര്‍. പാറമേക്കാവ് പത്മനാഭന്‍ തിടമ്പേറ്റും. പതിനഞ്ച് ആനകളുടെ അകമ്പടിയോടെ ഭഗവതി സ്വരാജ് റൗണ്ട് മുറിച്ചുകടന്ന് തേക്കിന്‍കാട്ടിലൂടെ പാണ്ടിമേളത്തിന്റെ വഴിത്താരയില്‍ കിഴക്കേഗോപുരം കടന്ന് ഇലഞ്ഞിത്തറയിലെത്തും. മേളം കൊഴുക്കും. തുടര്‍ന്ന് വടക്കുംനാഥനെ വലംവെച്ച് ഭഗവതിമാര്‍ തെക്കോട്ടിറങ്ങും. പാറമേക്കാവ് ഭഗവതി സ്വരാജ് റൗണ്ടിലെത്തി ഗോപുരത്തിന് അഭിമുഖമായി നില്‍ക്കും. തിരുവമ്പാടി ഭഗവതി ഗോപുരച്ചുവട്ടില്‍ പാറമേക്കാവിന് അഭിമുഖമായി നില്‍ക്കും. തുടര്‍ന്ന് വര്‍ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം.
രാത്രിയില്‍ പകല്‍പ്പൂരത്തിന്റെ തനിയാവര്‍ത്തനം. ഇരുവിഭാഗത്തിനും പഞ്ചവാദ്യം അകമ്പടി. പാറമേക്കാവ് മണികണ്ഠനാലിലും തിരുവമ്പാടി നായ്ക്കനാലിലും എഴുന്നള്ളി നില്‍ക്കും. സാമ്പിള്‍ വെടിക്കെട്ട് മഴയില്‍ ഒലിച്ചുപോയെങ്കിലും മഴയില്ലെങ്കില്‍ പൂരം സമാപിക്കുമ്പോള്‍ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചലുണ്ടാകും.