തൃശൂര്‍|
VISHNU.NL|
Last Updated:
ശനി, 3 മെയ് 2014 (18:52 IST)
മേയ് 9ന് നടക്കുന്ന പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തൃശൂര്‍ പൂരത്തിന്‍ പങ്കുചേരുന്ന എല്ലാ ഘടക ക്ഷേത്രങ്ങളുടെയും കൊടിയേറ്റും ഇന്നുതന്നെ നടക്കും. ശനിയാഴ്ച രാവിലെ 11.30നാണ് തിരുവമ്പാടിയില്‍ കൊടിയേറ്റ് നടക്കുമ്പോള്‍ 11.58നും 12.10നും ഇടയ്ക്കാണ് പാറമേക്കാവില്‍ കൊടിയേറ്റ് നടക്കുക.
തിരുവമ്പാടി ക്ഷേത്രത്തില്‍ നടക്കുന്ന പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
അവകാശികളായ താഴത്തുപുരയ്ക്കല്‍ കുടുമ്പക്കാര്‍ ഭൂമിപൂജ നടത്ത്തുന്നതോടെ ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി നാട്ടുകാര്‍ ചേര്‍ന്ന് കൊടി ഉയര്‍ത്തും
പാറമേക്കാവില്‍ രാവിലെ വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിനിര്‍ത്തി ദേശക്കാര്‍ കൊടി ഉയര്‍ത്തും. ചെമ്പില്‍ നീലകണ്ഠനാചാരിയാണ് ഇവിടെ കൊടിമരം തയ്യാറാക്കുന്നത് കുറ്റൂര്‍ നെയ്തലക്കാവ്, അയ്യന്തോള്‍, കാരമുക്ക്, കണിമംഗലം, ചെമ്പുക്കാവ്, പനമുക്കംപിള്ളി, ചൂരക്കോട്ടുകാവ്, ലാലൂര്‍ എന്നീ ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റ് നടക്കും.