തിരുവനന്തപുരം|
WEBDUNIA|
Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2010 (16:16 IST)
പുരോഹിതരെ സ്ഥാനാര്‍ത്ഥിയാക്കിയതിന്‍റെ പാരമ്പര്യം സി പി എമ്മിന് മാത്രം അവകാശപ്പെട്ടതാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പറയേണ്ടത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനല്ലെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന രാഷ്ട്രീയകാര്യങ്ങളില്‍ സഭ ഇടപെടേണ്ടെന്ന പി ജെ ജോസഫിന്‍റെ പ്രസ്താവന വിനയം കൊണ്ടാണെന്നും മാണി പറഞ്ഞു.
അതേസമയം, സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്ന ഇല്ലാത്ത ആരോപണം സിപിഎം ഉന്നയിക്കുന്നത് സര്‍ക്കാരിന്‍റെ വീഴ്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. മതവും രാഷ്ട്രീയവും സംബന്ധിച്ച കത്തോലിക്കാസഭയുടെ നിലപാട് യു ഡി എഫിന്‍റെ താല്‍പര്യാര്‍ഥമാണെന്ന പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഇതിനിടെ, മതനേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി എം ജേക്കബ് പറഞ്ഞു. വിശ്വാസികള്‍ എന്ത് ചെയ്യണമെന്ന് പറയാനുള്ള അധികാരം സഭയ്ക്കുണ്ട്. സീറ്റ് എത്ര ലഭിച്ചാലും മതിവരാത്ത നിലപാടാണ് കോണ്‍ഗ്രസിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.