ആരുമായും ഗൂഡാലോചന നടത്തിയിട്ടില്ല: സുരേഷ് കുമാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മൂന്നാറില്‍ അനധികൃതമായി ഭൂമി കൈയേറിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികളില്‍ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് മൂന്നാറിലെ ആദ്യ ദൌത്യസംഘത്തലവന്‍ കെ സുരേഷ്കുമാര്‍. സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ ആരോപണത്തിന്‌ മറുപടി പറയുകയായിരുന്നു സുരേഷ്കുമാര്‍.

പ്രാദേശിക സി പി എം നേതാക്കള്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്നവര്‍ അത് ആരുമായാണ് നടത്തിയതെന്ന് വ്യക്തമാക്കണം. മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ അവസാനമായി പ്രതികരിച്ചത് ഹൈക്കോടതിയാണ്. ഹൈക്കോടതി ജഡ്ജിമാരുമായാണോ താന്‍ ഗൂഢാലോചന നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു.

ദൗത്യസംഘത്തിന്‍റെ ചുമതല ഒഴിഞ്ഞശേഷം പൗരനെന്ന നിലയില്‍ എട്ടുതവണ മൂന്നാറില്‍ പോയിട്ടുണ്ട്‌. മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞതിനു ശേഷം അടുത്ത കാലത്ത് അവിടെ പോയത് മകന്‍റെ വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ്‌. ദൗത്യസംഘത്തിന്‍റെ തലവനായിരിക്കേ മൂന്നാറിലെ കെട്ടിടങ്ങള്‍ പൊളിച്ച നടപടി ശരിതന്നെയാണെന്നും അത് മന്ത്രിസഭാ സമിതിയുടെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :