എല്‍ഡിഎഫ് യോഗം ഇന്ന്; മൂന്നാര്‍ മുഖ്യ വിഷയം

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (10:57 IST)
PRO
മൂന്നാര്‍ കൈയേറ്റം വീണ്ടും സര്‍ക്കാരിന് തലവേദനയായി മാറിയ സാഹചര്യത്തില്‍ പ്രശ്നം ചര്‍ക ചെയ്യാന്‍ ഇന്ന് ഇടതുമുന്നണി യോഗം ചേരുന്നു. മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് പ്രശ്നം വീണ്ടും ചര്‍ച്ചാ വിഷയമായത്. മൂന്നാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും എല്‍ഡി‌എഫ് യോഗത്തിന് ശേഷം എന്തെങ്കിലും തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു തീരുമാനം.

മൂന്നാറില്‍ പുതിയ കൈയേറ്റങ്ങള്‍ ഇല്ല എന്ന നിലപാടാണ് സി പി എമ്മിന്‍റെ ഇടുക്കി ജില്ലാ കമ്മിറ്റിക്കുള്ളത്. ഒരിക്കല്‍ നിര്‍ത്തിവയ്ക്കേണ്ടി വന്ന മൂന്നാറിലെ ഭൂമി തിരിച്ചുപിടിക്കല്‍ പ്രക്രിയ കോടതി ഉത്തരവിന്‍റെ പിന്‍ബലത്തില്‍ വീണ്ടും തുടങ്ങാനുള്ള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ശ്രമങ്ങള്‍ക്ക് പാര്‍ട്ടിയുടെ പ്രാദേശിക നെതൃത്വമാണ് എറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത്. സി പി ഐ കൈയേറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്.

കഴിഞ്ഞ തവണ മൂന്നാര്‍ കൈയേറ്റത്തെ എതിര്‍ത്തതിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ ഇത്തവണ വീണ്ടെടുക്കാനാണ് സി പി ഐ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ സിപി‌എം ഇടുക്കി ജില്ലാ നേതൃത്വത്തുന്‍റെ എതിര്‍പ്പിനെ സി പി ഐ പിന്തുണയ്ക്കുന്നില്ല. മറ്റ് പാര്‍ട്ടികളും മൂന്നാര്‍ വിഷയത്തില്‍ തന്നെ പിന്തുണയ്ക്കുമെന്നാണ് വി എസിന്‍റെ പ്രതീക്ഷ. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടെന്ന് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു പാര്‍ട്ടി മാത്രമല്ല, ആറേഴ് കക്ഷികള്‍ ചെര്‍ന്ന മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്നാല്‍, വന്‍‌കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ എതിരല്ലെന്നാണ് സി പി എം സംസ്ഥാന സമിതിയുടെ നിലപാട്. ഈ നിലപാട് തന്നെയാകും ഇന്നത്തെ യോഗത്തില്‍ സി പി എം ആവര്‍ത്തിക്കുക. കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ കഴിഞ്ഞ തവണയുണ്ടായ പാളിച്ചകള്‍ ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശങ്ങളും മുന്നണിയില്‍ ഉയര്‍ന്നുവരും. കൈയേറ്റമൊഴിപ്പിക്കുന്നതിന്‍റെ ക്രെഡിറ്റ് മുഖ്യമന്ത്രി ഒറ്റയ്ക്ക് അടിച്ചെടുക്കാതിരിക്കാനുള്ള തന്ത്രങ്ങളും സിപി‌എം ആരായുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :