പാലക്കാട് സി പി എമ്മില്‍ എന്തുസംഭവിക്കും, കൃഷ്ണദാസിനെതിരെ കടുത്ത നടപടിയുണ്ടാകുമോ?

പാലക്കാട്| Last Updated: ശനി, 10 മെയ് 2014 (11:38 IST)
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളൂ. പാലക്കാട് മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. എങ്കിലും സി പി എമ്മിന്‍റെ എം ബി രാജേഷും യു ഡി എഫിന്‍റെ എം പി വീരേന്ദ്രകുമാറും തമ്മിലായിരുന്നു പ്രധാന മത്സരം. എം ബി രാജേഷ് വീണ്ടും ജയിക്കുമെന്ന് സി പി എം അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും പാലക്കാട് ജില്ലയിലെ സി പി എമ്മില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല.

പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എം പിയുമായ എന്‍ എന്‍ കൃഷ്ണദാസിനെതിരെ വലിയ രീതിയിലുള്ള അച്ചടക്കനടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പുകാലത്ത് കൃഷ്ണദാസിന്‍റെ ചില പ്രസ്താവനകള്‍ പ്രവര്‍ത്തകരിലും ജനങ്ങളിലും തെറ്റിദ്ധാരണകള്‍ പടരാനിടയായതായാണ് പാര്‍ട്ടി ജില്ലാ ഘടകത്തിന്‍റെ വിലയിരുത്തല്‍.

കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിയില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള എം ബി രാജേഷിന്‍റെ പരാമര്‍ശത്തെ പരസ്യമായി തള്ളിക്കൊണ്ട് കൃഷ്ണദാസ് നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് സി പി എം ഭയപ്പെടുന്നു. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിയിലും സാധാരണ ജനങ്ങള്‍ക്കിടയിലും കോച്ച് ഫാക്ടറി സംബന്ധിച്ച് അവ്യക്തത പടരാന്‍ കൃഷ്ണദാസിന്‍റെ പ്രസ്താവന കാരണമായതായി പാര്‍ട്ടി കരുതുന്നു. തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഇത് മുതലെടുക്കാന്‍ ശ്രമിച്ചു എന്ന കണ്ടെത്തലുമുണ്ട്.

മാത്രമല്ല സി പി ഐയുടെ ദേശീയ നേതാവ് പങ്കെടുത്ത യോഗത്തില്‍ കൃഷ്ണദാസിന്‍റെ പെരുമാറ്റം സംബന്ധിച്ചും പരാതിയുണ്ട്. സി ഐ ടി യു ജില്ലാ പ്രസിഡന്‍റുമായി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കൃഷ്ണദാസ് നടത്തിയ തുറന്ന വാഗ്വാദവും പാര്‍ട്ടിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

കൃഷ്ണദാസിന്‍റെ നടപടികള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നെന്ന് കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ടുചെയ്യാന്‍ സിപിഎം ജില്ലാകമ്മിറ്റി തീരുമാനിച്ചതായാണ് അറിയുന്നത്.

ചിത്രത്തിന് കടപ്പാട് - മാതൃഭൂമി ന്യൂസ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :