തിരുവനന്തപുരം|
rahul balan|
Last Updated:
ബുധന്‍, 9 മാര്‍ച്ച് 2016 (02:55 IST)
സി പി എമ്മിനെ സംബന്ധിച്ചിടത്തോളം സീറ്റ് വിഭജനം എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങളത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റ് വിഭജനത്തില്‍ ഉണ്ടാകുന്ന ചെറിയ തെറ്റുകള്‍ക്ക് പോലും പാര്‍ട്ടി ഒരുപക്ഷെ വലിയ വില നല്‍കേണ്ടിവരും. ഇപ്പോള്‍ തന്നെ മലപ്പുറം ജില്ലയിലെ സാധ്യത പട്ടികയില്‍ ചില വ്യവസായ പ്രമുഖര്‍ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
ഇത്തരം ചെറിയ പിഴവുകള്‍ ഒരുതരത്തില്‍ യു ഡി എഫിന്റെ കയ്യില്‍ തങ്ങളെ അടിക്കാനുള്ള വടി കൊടുക്കുന്നതിന് തുല്യമായിരിക്കുമെന്ന് നേതൃത്വത്തിന് അറിയാം. ആര്‍ എസ് പി മുന്നണി വിട്ടതോടെ ഒഴിവ് വന്ന സീറ്റുകള്‍ പങ്കിടണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ അരുവിക്കര ഇപ്പോള്‍ തന്നെ സി പി എം ഏറ്റെടുത്തു കഴിഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിനും, മുന്നണിക്ക് പുറത്ത് നില്‍ക്കുന്ന ബാലകൃഷ്ണപിള്ള അടക്കമുള്ളവര്‍ക്കും കൂടുതല്‍ സീറ്റ് നല്‍കേണ്ടി വരുന്നതോടെ തങ്ങളുടെ കയ്യിലുള്ള സീറ്റുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയും സി പി എമ്മിനുണ്ട്.
ആര്‍ എസ് പി വിട്ട് ഇടതുപക്ഷത്തിന്റെ കൂടെ വന്ന കോവൂര്‍ കുഞ്ഞുമോന് കുന്നത്തൂര്‍ സീറ്റ്
നല്‍കേണ്ടി വരും. പിന്നെ രണ്ട് സീറ്റാണ് ബാക്കിയുള്ളത്. കൂടുതല്‍ കക്ഷികള്‍ ഇടതുപക്ഷത്തേക്ക് വന്നതോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടനെ പരിഹരിക്കാന്‍ കഴിയുന്ന കാര്യം സംശയമാണ്. അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക വൈകിയാല്‍ അത് തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കും എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.
സി പി ഐ, ജെ ഡി എസ്, എന്‍ സി പി, കേരളാകോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ ഇതിനോടകം തന്നെ കൂടുതല്‍ സീറ്റുകള്‍ക്കായി ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. മുന്നണിക്കകത്തുള്ള പ്രശനങ്ങള്‍ പരിഹരിച്ചാലും പാര്‍ട്ടിയുടെ തലവേദന കുറയാനിടയില്ല. കാരണം മുന്നണി പ്രവേശനം കാത്ത് പാര്‍ട്ടികള്‍ പുറത്തും കത്തിരിക്കുന്നുണ്ട്. യുഡിഎഫ് വിട്ട് വന്ന ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിനും ബാലകൃഷ്ണപിള്ളയ്ക്കും സീറ്റ് നല്‍കാതിരിക്കാന്‍ കഴിയില്ല. കൂടാതെ ജെ എസ് എസ്, സി എം പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളും സീറ്റ് വേണമെന്ന് ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതോടെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ആരെയൊക്കെ പിണക്കേണ്ടി വരും എന്ന ആശങ്കയിലാണ് പാര്‍ട്ടി.
മറ്റന്നാളാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇടതു മുന്നണി യോഗം ചേരുന്നത്.