എ ബി ബര്‍ദന്‍ അന്തരിച്ചു

A B Bardhan, CPI, Maharashtra, Delhi, എ ബി ബര്‍ദന്‍, സി പി ഐ, മഹാരാഷ്ട്ര, ഡല്‍ഹി
ന്യൂഡല്‍ഹി| Last Updated: ശനി, 2 ജനുവരി 2016 (20:45 IST)
സി പി ഐയുടെ മുതിര്‍ന്ന നേതാവ് എ ബി ബര്‍ദന്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളായി ഡല്‍ഹി ജെ ബി പന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 92 വയസായിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ബര്‍ദന്‍ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ബര്‍ദന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ മുതല്‍ അതീവ ഗുരുതരനിലയിലേക്ക് ബര്‍ദന്‍റെ ശാരീരികാവസ്ഥ മാറുകയായിരുന്നു.

മഹാരാഷ്ട്രയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും ഇടതുരാഷ്ട്രീയവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് അര്‍ധേന്ദു ഭൂഷന്‍ ബര്‍ദന്‍. 1957ല്‍ അസംബ്ലിയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ചുകയറിയിട്ടുണ്ട് ബര്‍ദന്‍.

പിന്നീട് ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്‍റുമായി. തൊണ്ണൂറുകളിലാണ് ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് ബര്‍ദന്‍ എത്തുന്നത്. ഇന്ദ്രജിത് ഗുപ്ത 1996ല്‍ ജനറല്‍ സെക്രട്ടറിപദമൊഴിഞ്ഞപ്പോള്‍ എ ബി ബര്‍ദന്‍ ജനറല്‍ സെക്രട്ടറിയായി. 1996 മുതല്‍ 2012 വരെ ജനറല്‍ സെക്രട്ടറിയായിരുന്നു.

പ്രധാനമന്ത്രിപദത്തില്‍ ജ്യോതിബസു എത്തുമായിരുന്ന സാഹചര്യമുണ്ടായിട്ടും അതിന് മുതിരാതിരുന്ന നടപടിയെ അന്നുതന്നെ വിമര്‍ശനപരമായി സമീപിച്ച് പ്രതികരിച്ചിരുന്നു എ ബി ബര്‍ദന്‍. ഇ എം എസിനും ജ്യോതിബസുവിനും ശേഷം ഡല്‍ഹി രാഷ്ട്രീയത്തില്‍ ഇടതിന്‍റെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായിരുന്നു അദ്ദേഹം. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും പ്രകാശ് കാരാട്ടും സി പി എം നേതൃത്വത്തില്‍ വന്നപ്പോള്‍ സി പി ഐയുടേ ശക്തമായ ശബ്ദമായി ബര്‍ദന്‍ ഒപ്പമുണ്ടായിരുന്നു.

തൊണ്ണൂറ് വയസ് തികഞ്ഞ സമയത്ത് ഒരു അഭിമുഖത്തില്‍ ബര്‍ദന്‍ പറഞ്ഞു - ആത്മകഥയെഴുതാന്‍ ഞാനില്ല. ആത്മപ്രശംസയും മറ്റും എഴുതിച്ചേര്‍ക്കുന്ന ആത്മകഥയിലൂടെ അറിയുന്നതിനേക്കാള്‍ പ്രവര്‍ത്തനനിരതമായ ഒരു ജീവിതത്തിലൂടെ ഞാന്‍ ഓര്‍മ്മിക്കപ്പെടണമെന്നാണ് ആഗ്രഹം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :