വിവാദമായ പാമോലിന്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
പാമോലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരുടെ ഹര്‍ജിയിന്മേല്‍ കോടതി വാദം കേള്‍ക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിചാരണാ നടപടികള്‍ തുടരാനുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഔദ്യോഗികമായി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം, പാമോലിന്‍ കേസ് പരിഗണിക്കുന്നത് കോടതി മാര്‍ച്ച് ഏഴിലേക്ക് മാറ്റി. മുസ്തഫയ്ക്കു വേണ്ടി സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജി വളച്ചൊടിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. രഷ്‌ട്രീയനേട്ടം ലക്‌ഷ്യം വെച്ചാണ് ഇതെന്നും മുസ്തഫയുടെ അഭിഭാഷകന്‍ ആരോപിച്ചു.
കേസില്‍ നിന്ന് ഒഅഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ടി എച്ച് മുസ്തഫ നിരത്തിയ വാദങ്ങള്‍ വിവാദമായിരുന്നു. ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതിപട്ടികയില്‍ ഒഴിവാക്കുകയും ഭക്‌ഷ്യമന്ത്രിയായിരുന്ന തന്നെ ഉള്‍പ്പെടുത്തുകയും ചെയ്തതിലെ വൈരുദ്ധ്യം മുസ്തഫ ചൂണ്ടിക്കാട്ടിയിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രതി ചേര്‍ക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു.