പാനായിക്കുളം സിമി ക്യാമ്പ്‌: പ്രോസിക്യൂഷന്‌ അനുമതി

ന്യൂഡല്‍ഹി| ഗായത്രി ശര്‍മ്മ|
പാനായിക്കുളത്ത്‌ സിമി ക്യാമ്പ്‌ നടത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രോസിക്യൂഷന്‌ അനുമതി നല്‍കി. കേസിലെ 17 പ്രതികളെ പ്രോസിക്യൂട്ടു ചെയ്യാനാണ്‌ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ (എന്‍ഐഎ) അനുമതി ലഭിച്ചത്. ഈ മാസം15നാണ്‌ ഇതുസംബന്ധിച്ച ഉത്തരവ്‌ പുറത്തിറക്കിയത്‌.

രാജ്യാന്തര തീവ്രവാദ സംഘടനയായ ലഷ്കറെ തയിബയുടെ സഹായത്തോടെ കേരളത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിടാനാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചതെന്ന്‌ കുറ്റപത്രം ആരോപിക്കുന്നു. ഐ എസ്‌ ഐ ഏജന്റ്‌ എന്ന്‌ കുറ്റപത്രം വിശേഷിപ്പിക്കുന്ന പി എ ഷാദുലിയാണ് ഒന്നാം പ്രതി. കേസിന്റെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന്‌ എന്‍ ഐ എ അറിയിച്ചു.

കേരളത്തെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ താവളമാക്കാനായിരുന്നു ലഷ്കറെയുടെ ശ്രമമെന്നും എന്‍ ഐ എ അറിയിച്ചു. കേരളത്തില്‍ എന്‍ ഐ എ അന്വേഷണം പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ കേസാണു പാനായിക്കുളം സിമി ക്യാമ്പ്‌. നേരത്തെ കോഴിക്കോട്‌ ഇരട്ട സ്ഫോടനം, കളമശേരി ബസ്‌ കത്തിക്കല്‍ തുടങ്ങിയ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :