ഭോപ്പാല്‍|
WEBDUNIA|
Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2010 (17:53 IST)
PTI
ആര്‍എസ്‌എസും നിരോധിത സംഘടനയായ സിമിയും തമ്മില്‍ വ്യത്യാസമില്ല എന്ന് രാഹുല്‍ ഗാന്ധി. ബുധനാഴ്ച ഭോപ്പാലില്‍ ഒരു മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
സിമിയും ആര്‍എസ്‌എസും മതമൌലികവാദ കാഴ്ചപ്പാടുകളുള്ള സംഘടനകളാണെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. എന്നാല്‍, സിമി നിരോധിത സംഘടനയാണെന്നും ആര്‍എസ്‌എസിന്റെ കാര്യം അതല്ല എന്നും ചൂണ്ടിക്കാണിച്ചപ്പോള്‍ അത് കാര്യമാക്കുന്നില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി. മതമൌലിക വാദികള്‍ക്ക് യൂത്ത് കോണ്‍ഗ്രസില്‍ സ്ഥാനമില്ല എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് രാഹുല്‍ മാധ്യമ സമ്മേളനം നടത്തിയത്. ബാബറി മസ്ജിദ് തകര്‍ത്തതിനെയോ 1992 ഡിസംബര്‍ ആറിന് ശേഷം അതുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളെയോ അയോധ്യ വിധി ന്യായീകരിക്കുന്നില്ല എന്നും വിധിയില്‍ തൃപ്തിയില്ലാത്ത കക്ഷികള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും രാഹുല്‍ ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
പ്രധാനമന്ത്രിയാവുമോ എന്ന ചോദ്യത്തോട് അത് തന്റെ സങ്കല്‍പ്പമല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി. ഒരിക്കലും ഭാവിയില്‍ പ്രധാനമന്ത്രിയാവും എന്ന സങ്കല്‍പ്പത്തില്‍ പ്രവര്‍ത്തനം നടത്തിയിട്ടില്ല. പ്രധാനമന്ത്രിയാവും എന്നത് നിങ്ങളുടെ സങ്കല്‍പ്പമായിരിക്കും എന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നത് ഇപ്പോള്‍ തനിക്ക് യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍എസ്‌യുഐയുടെയും ഉത്തരവാദിത്തമാണ് ഉള്ളത് എന്നും രാഹുല്‍ പറഞ്ഞു.
ഭാവിയില്‍ ഒരു യുവാവ് പ്രധാനമന്ത്രിയാവുമോ എന്ന ചോദ്യത്തിനും രാഹുല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഭാവിയെ കുറിച്ച് ആര്‍ക്കും പ്രവചിക്കാനാവില്ല എന്നായിരുന്നു രാഹുല്‍ ചോദ്യത്തോട് പ്രതികരിച്ചത്.