പ്രസിദ്ധമായ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് തുടക്കമായി. 56 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മുറജപത്തോട് അനുബന്ധിച്ച് അനന്തപുരി വേദ മന്ത്ര ജപങ്ങളാല്‍ മുഖരിതമാവും. ഏഴു മുറകളായി നടക്കുന്ന ഈ മന്ത്രജപത്തിനൊടുവില്‍ ലക്ഷദീപവും നടക്കും.
ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലക്ഷദീപം 2014 ജനുവരി പതിനാലിനാണ്. 2007-08 ലാണ് കഴിഞ്ഞ തവണ ലക്ഷദീപം നടന്നത്. മുറജപത്തില്‍ സഹസ്രനാമം, വേദ മന്ത്രങ്ങള്‍, സൂക്തങ്ങള്‍ എന്നിവയാണ് പ്രധാനമായും ജപിക്കുന്നത്.
ആഴ്വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ വാദ്ധ്യാര്‍, തൃശൂര്‍ വാദ്ധ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന മുറ ജപം രാവിലെ ആറര മണി മുതല്‍ എട്ടര മണിവരെയാണു നടക്കുന്നത്. സൂക്തങ്ങള്‍, വേദവ്യാസ മണ്ഡപത്തിലും വേദങ്ങള്‍ കിഴക്കേ നടയിലെ രണ്ട് മണ്ഡപങ്ങളിലിമിരുന്നാണ് ജപിക്കുന്നത്. വൈകിട്ട് ഭക്തര്‍ക്കായി സഹസ്രനാമ ജപവും നടക്കും.
എട്ടു ദിവസം വീതമുള്ള ഏഴ് മുറകള്‍ പൂര്‍ത്തിയാക്കുന്ന ദിനമാണ് ലക്ഷം ദീപം തെളിയിക്കുക. ഓരോ മുറയ്ക്ക് ശേഷവും ശ്രീവേലിയും നടക്കും. ലക്ഷദീപം കഴിഞ്ഞ് അടുത്ത ദിവസം ജപക്കാര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്കും. ഇതിനു ശേഷം ഇവരെ യാത്രയയ്ക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.