പകല്‍ വൈദ്യുത നിയന്ത്രണം അനിശ്ചിത കാലത്തേക്ക്

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സംസ്ഥാനത്തെ പകല്‍ വൈദ്യുത നിയന്ത്രണം അനിശ്ചിത കാലത്തേക്ക് തുടരും. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കും വരെ പകല്‍ നിയന്ത്രണം തുടരാനാണ് തീരുമാനമായത്. ഇതിനൊപ്പം വൈദ്യുതി ലഭ്യത കൂടുതല്‍ ഇടിഞ്ഞതിനാല്‍ ഇന്ന് രാത്രി അര മണിക്കൂര്‍ അധിക നിയന്ത്രണവും ഏര്‍പ്പെടുത്തി.

കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഏപ്രില്‍ നാലു മുതല്‍ കേരളത്തില്‍ പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കല്‍ക്കരി ക്ഷാമം നിമിത്തം താല്‍ച്ചര്‍ താപവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് കേന്ദ്ര വിഹിതം കുറയുന്നതിനു കാരണമായി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും കോള്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള തര്‍ക്കമാണ് താല്‍ച്ചറില്‍ പ്രതിസന്ധിയുണ്ടാക്കിയത്. ഇതു തുടരുന്ന കാലത്തോളം സംസ്ഥാനത്തെ പകല്‍ വൈദ്യുതി നിയന്ത്രണവും തുടരണം എന്നാണ് തീരുമാനമായിട്ടുള്ളത്. രാവിലെ 11നും വൈകുന്നേരം 4നും ഇടയില്‍ അര മണിക്കൂര്‍ മുതല്‍ 40 മിനിറ്റ് വരെ നിയന്ത്രണമുണ്ടാകും.

ഇതോടൊപ്പം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് കൊച്ചിയില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.ഇ.എസ്. കേരള പവര്‍ ലിമിറ്റഡ് നിലയം അടച്ചു. ഇന്ധനമായ നാഫ്ത ലഭ്യമാകാത്തതാണ് നിലയം പൂട്ടാന്‍ കാരണം. 165 മെഗാവാട്ട് ശേഷിയുള്ള നിലയത്തില്‍ നിന്ന് ഇന്ധനക്ഷാമം നിമിത്തം 100 മെഗാവാട്ട് മാത്രമേ ലഭിക്കുന്നുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതുകൂടി ഇല്ലാതായതോടെ പ്രതിദിന വൈദ്യുതി ലഭ്യതയില്‍ രണ്ടര ദശലക്ഷം യൂണിറ്റിന്റെ കുറവു വന്നു. ഇതേത്തുടര്‍ന്ന് ഇന്ന് വൈകുന്നേരം അര മണിക്കൂര്‍ അധിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്രാമപ്രദേശങ്ങളില്‍ മാത്രമാണ് നിയന്ത്രണം പറഞ്ഞിട്ടുള്ളതെങ്കിലും ഉപയോഗം കൂടിയാല്‍ അത് നഗരപ്രദേശങ്ങളില്‍ കൂടി വ്യാപിപ്പിക്കും.

ഇപ്പോള്‍ സംസ്ഥാനത്ത് പ്രതിദിനം 60 ദശലക്ഷം യൂണിറ്റ് ഉപയോഗിക്കപ്പെടുന്നുണ്ട്. കേന്ദ്ര നിലയങ്ങളില്‍ നിന്ന് 21 ദശലക്ഷം, വ്യാപാരികള്‍ മുഖേന 9 ദശലക്ഷം, പവര്‍ എക്‌സ്‌ചേഞ്ച് മുഖേന 1.5 ദശലക്ഷം, കായംകുളം നാഫ്ത നിലയത്തില്‍ നിന്ന് 7.5 ദശലക്ഷം, നല്ലളം, ബ്രഹ്മപുരം ഡീസല്‍ നിലയങ്ങളില്‍ നിന്ന് 2 ദശലക്ഷം എന്നിങ്ങനെയാണ് വൈദ്യുതി ലഭ്യത. ഗ്രിഡില്‍ നിന്ന് 2 ദശലക്ഷം യൂണിറ്റ് അധികം വലിക്കുന്നുമുണ്ട്. ഇപ്പോഴുള്ള 14 ദശലക്ഷം യൂണിറ്റിന്റെ ജലവൈദ്യുതി ഉത്പാദനം കെഎസ്ഇബിയുടെ ശേഷിയില്‍ നിന്ന് വളരെ അധികമാണ്. ഇതാണ് നിയന്ത്രണം അനിവാര്യമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :