ഓപ്പറേഷണ്‍ നിര്‍മ്മാണ്‍: കണ്ടെത്തിയത് മരാമത്തിലെ മറിമായങ്ങള്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഓപ്പറേഷന്‍ നിര്‍മ്മാണ്‍ എന്ന പേരില്‍ സംസ്ഥാനത്തെ മരാമത്തു വകുപ്പ്‌ ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു. മദ്യപിച്ച് പിമ്പിരിയിലായിരുന്നു പല ഓഫീസുകളിലേയും ഉദ്യോഗസ്ഥര്‍. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് രാത്രിവൈകിയും നീണ്ടു നിന്നു.

ബില്ല്‌ മാറാനും പുതിയ പദ്ധതികള്‍ക്ക്‌ അനുമതി നല്‍കാനും ഉദ്യോഗസ്ഥര്‍ വന്‍തുക കോഴ വാങ്ങുന്നതായി വിജിലന്‍സിനു വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തിരുവനന്തപുരം: റോഡ്സ്‌ എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ ഓഫീസില്‍ കണക്കില്‍പ്പെടാത്ത ഏഴായിരത്തോളം രൂപയും ഡിവിഷണല്‍ ഓ‍ഫിസിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ കൈയില്‍ നിന്നു 34,000 രൂപയും നെയ്യാറ്റിന്‍കരയിലെ പൊതുമരാമത്ത്‌ ഓഫിസില്‍ നിന്നു 16,000 രൂപയും പിടിച്ചെടുത്തു.

കൊല്ലം: കരുനാഗപ്പള്ളി റോഡ്സ്‌ വിഭാഗം അസി. എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ ഓ‍ഫിസില്‍ നിന്ന്‌ 70,000 രൂപ പിടികൂടി. കരാറുകാരന്റെ പേരെഴുതി കവറിലിട്ടിരുന്ന പണം വിജിലന്‍സ്‌ എത്തുന്നതു കണ്ട്‌ അലമാരയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൊല്ലം റോഡ്സ്‌ വിഭാഗം അസി. എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ ഓ‍ഫിസില്‍ നാലു ജീവനക്കാരെ മദ്യപിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട: ബില്‍ഡിംഗ്സ് അസി എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ ഓഫിസില്‍ നിന്നു 12,000 രൂപയും റോഡ്സ്‌ എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ ഓഫിസില്‍ നിന്ന്‌ 5490 രൂപയും ചെറുകിട ജലസേചന എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഓഫിസില്‍ നിന്ന്‌ ആയിരം രൂപയും കണ്ടെടുത്തു.

ആലപ്പുഴ: പൊതുമരാമത്തു വകുപ്പ്‌ ഓഫിസില്‍ മദ്യപിച്ചിരുന്ന മൂന്നു ജീവനക്കാരെ പിടികൂടി. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്തു വകുപ്പ്‌ അസി. എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഓഫിസിലെ ജീവനക്കാരാണു പിടിയിലായത്‌. കോട്ടയത്തു റെയ്ഡില്‍ റോഡ്സ്‌ എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ ഓഫിസില്‍നിന്ന്‌ 26,000 രൂപയും സീനിയര്‍ സൂപ്രണ്ടില്‍ നിന്നു 10,000 രൂപയും പിടിച്ചു.

ഇടുക്കി: കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ എക്സി. എന്‍ജിനീയറുടെ ഓഫിസില്‍ നിന്നു കണക്കില്‍പ്പെടാത്ത 58,600 രൂപ പിടിച്ചെടുത്തു. തൃശൂരില്‍ പൊതുമരാമത്തു വകുപ്പു റോഡ്സ്‌ വിഭാഗം എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ മേശയില്‍ നിന്നും ബാഗില്‍ നിന്നും 62,000 രൂപ കണ്ടെടുത്തു. 500 രൂപയുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്‌. താന്‍ പതിവായി ഇത്രയും തുക കൈവശം വയ്ക്കാറുണ്ടെന്നാണ്‌ ഉദ്യോഗസ്ഥന്റെ മറുപടി. ബില്‍ഡിംഗ്സ് വിഭാഗത്തിലെ ഓഫിസ്‌ അസിസ്റ്റന്റിന്റെ പക്കല്‍ നിന്നു 2300 രൂപ കണ്ടെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നു.

കണ്ണൂര്‍: റോഡ്‌ വിഭാഗം എക്സിക്യുട്ടീവ്‌ എന്‍ജിനീയറുടെ ഓഫിസില്‍ നിന്ന്‌ 25,750 രൂപ, മൈനര്‍ ഇറിഗേഷന്‍ സബ്‌ ഡിവിഷനില്‍നിന്ന്‌ 38,900 രൂപ, റോഡ്സ്‌ സബ്‌ ഡിവിഷനില്‍നിന്നു 13,225 രൂപ വീതം പിടിച്ചെടുത്തു.

കാസര്‍കോട്‌: ഡിവിഷന്‍ റോഡ്സ്‌ വിഭാഗം എക്സിക്യൂട്ടീവ്‌ എന്‍ജിനീയറുടെ ഓഫിസില്‍ കണക്കില്‍പ്പെടാത്ത 33,790 രൂപ കണ്ടത്തി. വയനാടു ജില്ലയില്‍ രണ്ടിടത്തു റെയ്ഡ്‌ നടന്നെങ്കിലും കാര്യമായ ക്രമക്കേടു കണ്ടെത്തിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :