നൂറുമേനി കൊയ്ത് 25 സ്കൂളുകള്‍

തിരുവനന്തപുരം| WEBDUNIA|
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ 25 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലും(96.83%), ഏറ്റവും കുറവ് വിജയശതമാനം പാലക്കാടും (84.02%) ആണ്.

അതേസമയം, എസ് എസ് എല്‍ സി പരീക്ഷാ ശതമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദ്യഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. തിരുവനന്തപുരത്ത് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയശതമാനം അഞ്ചു ജില്ലകളില്‍ ഉയര്‍ന്നപ്പോള്‍ ഒമ്പതു ജില്ലകളില്‍ താഴോട്ടു പോകുകയാണ് ഉണ്ടായത്. എസ് എസ് എല്‍ സി വിജയശതമാനം ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നതിന്‌ വ്യക്തമായ തെളിവാണിത്.

ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ അധ്യാപക പരിശീലന പരിപാടി പദ്ധതികളാണ്‌ വിജയ ശതമാനം ഉയരുന്നതിന്‌ സഹായിച്ചത്‌. എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന്‌ യോഗ്യത നേടുക എന്നതാണ്‌ തന്‍റെ ലക്‌ഷ്യമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‍റെ എട്ട്‌ വെബ്‌ സൈറ്റുകളില്‍ ഫലം ലഭ്യമാണ്‌. ഫലം ഇ-മെയില്‍ വഴി ലഭിക്കാന്‍ 'റിസള്‍ട്സ് ഇന്‍ യുവര്‍ മെയില്‍ ബോക്സ്‌ എന്ന സംവിധാനം സര്‍ക്കാര്‍ പോര്‍ട്ടലിലും പിആര്‍ഡിയുടെയും സി-ഡിറ്റിന്‍റെയും സൈറ്റുകളിലും ഏര്‍പ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :