സംസ്ഥാന നിയമസഭാ സമുച്ചയത്തിലെ മഴവെള്ള സംഭരണികള്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ ജലത്തിന്റെ ആവശ്യം പരിഹരിക്കാന്‍ ഇതര സ്രോതസുകള്‍ക്കൊപ്പം ഇനി മഴവെള്ളസംഭരണിയിലെ ജലവുമുണ്ടാകും. അമൂല്യമായ ജലം പാഴാവാതെ സംഭരിക്കുന്നതിലൂടെ ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
ഭാവിയിലെ രൂക്ഷമായേക്കാവുന്ന ജലക്ഷാമം മുന്നില്‍ക്കണ്ട് എല്ലാ വീട്ടിലും മഴവെള്ളസംഭരണികള്‍ നിര്‍മ്മിക്കണമെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ മന്ദിരങ്ങളുടെ മേല്‍ക്കൂരകളില്‍ നിന്നും ലക്ഷക്കണക്കിന് ലിറ്റര്‍ മഴവെള്ളമാണ് ഓരോ വര്‍ഷവും പാഴായി പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരം എന്ന നിലയിലാണ് ഫെറോ സിമന്റ് ടെക്‌നോളജി ഉപയോഗിച്ചുള്ള മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചത്.
മൊത്തം പതിനഞ്ച് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ മഴവെള്ളം ശേഖരിക്കാവുന്ന ആറ് സംഭരണികളാണ് നിര്‍മ്മിച്ചിട്ടുള്ളത്. അസംബ്ലി ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പുതിയ മ്യൂസിയം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത് അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കുകളാണ്. സ്പീക്കറുടെ ക്വാര്‍ട്ടേഴ്‌സ്, ഡെപ്യൂട്ടി സ്പീക്കറുടെ ക്വാര്‍ട്ടേഴ്‌സ്, സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള സംരഭരണികളും.
കേരളത്തില്‍ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ മഴവെള്ള സംഭരണികളാണിവ. വലിയ കമ്പി ഉപയോഗിച്ചുള്ള കനം കൂടിയ കോണ്‍ക്രീറ്റിന് പകരം മണല്‍, സിമന്റ്, ചിക്കന്‍മെഷ്, വെല്‍ഡ് മെഷ് എന്നിവ ഉപയോഗിച്ചുള്ള കനം കുറഞ്ഞ കോണ്‍ക്രീറ്റ് ടാങ്കുകളാണ് ഫെറോ സിമന്റ് ടാങ്കുകള്‍. അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണിക്ക് 2500 കിലോ കമ്പി, 25 റോള്‍ വെല്‍ഡ്‌മെഷ്, 110 റോള്‍ ചിക്കന്‍മെഷ്, 550 ചാക്ക് സിമന്റ്, 50 കിലോ എം.എസ്.വയര്‍, 2600 ക്യൂബിക് അടി മണല്‍, 900 ക്യൂബിക് അടി കല്ല് എന്നിങ്ങനെയാണ് ഉപയോഗിച്ചുട്ടുള്ളത്.
നിയമസഭാ സമുച്ചയത്തില്‍ നിലവില്‍ ഒരു ലക്ഷത്തോളം ലിറ്റര്‍ വെള്ളം ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി ചെലവാകുന്നുണ്ട്. മഴവെള്ള സംഭരണി വരുന്നതോടെ വെള്ളത്തിന് ചെലവാകുന്ന തുക ലാഭിക്കാം. മഴവെള്ളം സംഭരണികളില്‍ ഫില്‍റ്റര്‍ ചെയ്താണ് സൂക്ഷിക്കുന്നത്. ടാങ്കുകള്‍ ചൂടും മഴയും ഏല്‍ക്കാതെ സംരക്ഷിക്കും. മഴക്കാലം കഴിഞ്ഞാല്‍ ടാങ്കിലേക്ക് വെള്ളം കടക്കാതിരിക്കാന്‍ വാല്‍വ് തുറന്നിടും. പുതുമഴയുടെയും തുടര്‍ന്നുള്ള മൂന്ന് മഴകളുടെയും വെള്ളം ടാങ്കില്‍ ശേഖരിക്കില്ല. കെട്ടിടങ്ങളുടെ മുകള്‍ ഭാഗം വൃത്തിയായി സൂക്ഷിക്കും.
നിയമസഭാ സമുച്ചയത്തിലെ ഈ മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചിരിക്കുന്നത് വയനാട് അമ്പലവയലിലെ സൊസൈറ്റി ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് ഇന്റഗ്രല്‍ ഡവലപ്‌മെന്റ് (ടഋകഉ) എന്ന സ്ഥാപനമാണ്. നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബര്‍ 30 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്ത നിയമസഭാ സമുച്ചയം ഹരിതാഭമാക്കല്‍ പദ്ധതിയില്‍പെടുത്തിയാണ് മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചത്. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള വിവിധ പരിപാടികള്‍ നടപ്പാക്കി വരുന്നു. 400 കിലോവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ കടലാസ് ജോലികള്‍ പുരോഗമിക്കുന്നു. വേസ്റ്റ് വാട്ടര്‍ റീ-സൈക്കിളിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.