പ്രതിപക്ഷം രാജ്‌ഭവനിലേക്ക്; നാളത്തെ സമ്മേളനവും റദ്ദാക്കി

തിരുവനന്തപുരം| WEBDUNIA|
PRO
നിയമസഭയിലെ വാക്കേറ്റവും കയ്യേറ്റശ്രമവും സഭാനടപടികളെ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് സഭ നടപടികള്‍ നിര്‍ത്തിവച്ചു. നാളത്തെ സമ്മേളനവും റദ്ദാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. മഴക്കെടുതികളെത്തുടര്‍ന്നാ‍ണ് സഭ നിര്‍ത്തിവച്ചതെന്നാണ് വിശദീകരണം.

ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ഹസ്‌കറിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി ശ്രീരാമകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിന്മേല്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പറയവേ പ്രതിപക്ഷ പ്രതിഷേധവും ഭരണപക്ഷത്തിന്റെ എതിര്‍പ്പും വാക്കേറ്റത്തിലേക്ക് നയിച്ചിരുന്നു.

നിര്‍ത്തിവച്ച സഭ ഒന്നര മണിക്കൂറിനു ശേഷം വീണ്ടും സമ്മേളിച്ചപ്പോഴാണ് തിരുവഞ്ചൂര്‍ നിലപാട് വ്യക്തമാക്കിയത്. സഭയില്‍ സഭ്യമല്ലാത്തതൊന്നും താന്‍ പറഞ്ഞിട്ടില്ല. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ കേസില്‍ കൂട്ടുപ്രതിയാണ്. സംശയമുള്ളവര്‍ക്ക് ടേപ്പ് പരിശോധിച്ചാല്‍ മനസ്സിലാകും. മുഖ്യമന്ത്രി കത്ത് നല്‍കിയെന്ന് പറഞ്ഞവര്‍ കത്ത് ഹാജരാക്കിയിട്ടില്ലെന്നും അറിയിച്ചു.

ഇതിനിടെ, ചര്‍ച്ചയില്‍ ഇടപെട്ട ശ്രീരാമകൃഷ്ണന്‍ സര്‍ക്കാര്‍ സര്‍ക്കുലറായ ജനപഥത്തിന്റെയും ടീം സോളാറിന്റെയും എംബ്ലം ഒന്നായത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടൂ. ഇതിനു മറുപടി പറഞ്ഞ പിആര്‍ഡി മന്ത്രി കെ.സി ജോസഫ്, സസ്‌പെന്റു ചെയ്യപ്പെട്ട പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസായിരുന്നു ജനപഥത്തിന്റെ എഡിറ്ററെന്നും ഫിറോസ് ആണ് ഉത്തരവാദിയെന്നും വ്യക്തമാക്കി. ഡല്‍ഹി ലീലാ പാലസില്‍ മുഖ്യമന്ത്രിയുടെ സഹായി എടുത്ത മുറിയില്‍ ബിജു രാധാകൃഷ്ണന്‍ താമസിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ചീഫ് വിപ്പ് പി സി ജോര്‍ജിനെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, താന്‍ ഒരു കത്തും നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു. പുലിവാലാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ തന്റെ വീട്ടില്‍ സോളാര്‍ പാനല്‍ വയ്ക്കില്ലെന്നും അറിയിച്ചു. ബിജുവിന്റെ ആദ്യഭാര്യ രശ്മിയുടെ മരണത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടിയെടുക്കാന്‍ കഴിയാതെ പോയത് രാസപരിശോധന റിപ്പോര്‍ട്ട് വൈകിയതു മൂലമാണെന്ന മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി രാസപരിശോധന ഫലം വൈകിപ്പിച്ചതാണോയെന്ന് ചോദിച്ചതോടെ സഭ വീണ്ടും പ്രക്ഷുബ്ദമായി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു.

ഇതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് നാളത്തെ സഭാ സമ്മേളനം റദ്ദാക്കുന്നതായും തിങ്കളാഴ്ച മാത്രമേ സഭ ചേരുകയുള്ളുവെന്നും സ്പീക്കര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :