നിര്‍ണായക ദിനം: നിയമസഭാ സമ്മേളനം ഇന്നു ചേരും, ജോസ് തെറ്റയില്‍, സോളാര്‍ വിവാദങ്ങള്‍ സഭയെ പ്രക്ഷുബ്ധമാക്കും
എല്‍ഡിഎഫ് നിയമസഭാമാര്‍ച്ച് ഇന്ന്
തിരുവനന്തപുരം|
WEBDUNIA|
PRO
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ചേരുന്ന നിയമസഭയെ സോളാര്‍ തട്ടിപ്പും, ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ കരാര്‍ ജീവനക്കാരനുമെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളും പ്രക്ഷുബ്ധമാക്കും. ഇന്ന് നിയമസഭയടക്കം 13 ജില്ലാ കളക്ടറേറ്റുകള്‍ക്കും മുന്നിലേക്ക് ഇടത് മുന്നണി മാര്‍ച്ചുണ്ട്.
സോളാര്‍ വിവാദം കത്തിപ്പടരുന്നതിനിടെ പ്രതിപക്ഷ എംഎല്‍എയ്ക്കെതിരെ അപ്രതീക്ഷിതമായി ഉയര്‍ന്ന ലൈംഗികാരോപണം പ്രതിപക്ഷത്തും ഞെട്ടലുളവാക്കിയിട്ടുണ്ട്.സോളാറിനെയും ആയുധമാക്കിയുള്ള പ്രതിപക്ഷ ആക്രമണത്തെ നേരിടാന്‍ ഭരണപക്ഷത്തിന് വീണ് കിട്ടിയ വലിയൊരു ആയുധമാണ് ജനതാദള്‍-എസ് എംഎല്‍എ ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കരാര്‍ ജീവനക്കാരനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം പ്രതിപക്ഷത്തിന് പുതിയൊരായുധമാണ്. സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷം പ്രശ്നം ആളിക്കത്തിക്കാനാണ് സാധ്യത.
ഇടതുപക്ഷ സര്‍ക്കാരിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ ജോസ് തെറ്റയിലിനും മകനുമെതിരെ അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ മുപ്പതുകാരിയാണ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ജോസ് തെറ്റയിലിനും മകന്‍ ആദര്‍ശിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അങ്കമാലിയില്‍ പിതാവ് ആരംഭിച്ച തടി മില്ലിന്രെ ഉദ്ഘാടനത്തിനിടെയാണ് ജോസ് തെറ്റയിലുമായി പരിചയത്തിലാകുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. ചിലപ്പോഴൊക്കെ അച്ഛനെ സഹായിക്കാനായി താനും കടയില്‍ പോകാറുണ്ട്. പിന്നീട് ഒരിക്കല്‍ അങ്കമാലിയില്‍ വന്ന ജോസ് തെറ്റയില്‍ തങ്ങളുടെ കടയില്‍ വന്നു. അച്ഛനുമായി സംസാരിക്കവെ താന്‍ അവിടെ ഉണ്ടായിരുന്നു.
തുടര്‍ന്ന് അദ്ദേഹവുമായി സംസാരിക്കുകയും പോകാന്‍ നേരം മൊബൈല്‍ നന്പര്‍ വാങ്ങുകയുമായിരുന്നു. പിന്നീട് മൊബൈലില്‍ വിളിക്കാറുണ്ടായിരുന്നു. പരിചയം വളര്‍ന്നതോടെ മകനെ കൊണ്ട് തന്നെ വിവാഹം ചെയ്യിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് 2007 മുതല്‍ ആറു തവണ മകന്‍ ലൈംഗികമായി തന്നെ ഉപയോഗിക്കുകയായിരുന്നു. 2012 മുതല്‍ തെറ്റയില്‍ തന്നെ ആലുവയിലെ ഫ്ളാറ്റില്‍ വച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന ആളുടെ മകനായതിനാല്‍ ഫ്ളാറ്റിലേക്ക് വിളിച്ചപ്പോള്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും പരാതിയില്‍ പറയുന്നു.