നിയമസഭയില്‍ ബഹളം: വാക്കേറ്റവും കയ്യേറ്റശ്രമവും, നാളത്തെ സഭാസമ്മേളനം റദ്ദാക്കി

തിരുവനന്തപുരം| WEBDUNIA|
PRO
തിരുവനന്തപുരം: നിയമസഭയില്‍ ഭരണ, പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കയ്യേറ്റത്തിന്റെ വക്കിലെത്തി. പ്രതിപക്ഷാംഗങ്ങള്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കു നേരെ ഓടിയടുത്തു.

അടിയന്തര പ്രമേയത്തിന് മറുപടി നല്‍കാന്‍ എഴുന്നേറ്റ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം വി‌എസിന്റെ ചില പ‌രാമര്‍ശങ്ങളെപ്പറ്റി പറയാനൊരുങ്ങിയപ്പോഴാണ് പ്രതിപക്ഷം പ്രകോപിതരായത്.ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാടാ പോടാ വിളികള്‍ ഉണ്ടായി. ബഹളം ശക്തമായപ്പോള്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ചെയറില്‍ നിന്ന് ഇറങ്ങിപ്പോയി.

ശൂന്യവേളയുടെ തുടക്കത്തിലാണ് ബഹളം ആരംഭിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയാണ് ശൂന്യവേള തുടങ്ങിയത്. അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം തനിക്കെതിരായി പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം ഇനിയുണ്ടാകരുതെന്ന് ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിനെതിരായ പരാമര്‍ശം നടത്തിയ ആഭ്യന്തര മന്ത്രിയുടെ കരണത്ത് അടിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സോളാര്‍ വിഷയത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെടുന്നത്.സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ഹസ്‌കര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പി ശ്രീരാമകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ ഇന്നും സഭയിലെത്തിയത്. ഇതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കാണും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :