താലിമാല വിഴുങ്ങിയ പശുവിന് ശസ്‌ത്രക്രിയ

ചാത്തന്നൂര്‍| WEBDUNIA|
രണ്ടാഴ്ച മുമ്പ്‌ പശു വിഴുങ്ങിയ മൂന്ന്‌ മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു. ചിറക്കര ഇടവട്ടം തുണ്ടില്‍ കുന്നില്‍വീട്ടില്‍ ഗോപിനാഥക്കുറുപ്പിന്‍റെ കറവപ്പശുവാണ്‌ ഒന്നര പവന്‍റെ മാല വിഴുങ്ങിയത്‌.

മാല തെരഞ്ഞപ്പോള്‍ തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ നിന്ന്‌ താലിയുടെയും മാലയുടെയും ചെറിയ കഷണവും ലഭിച്ചതാണ് തുമ്പായത്. പശു മാല വിഴുങ്ങിയതാവാം എന്ന സംശയത്തില്‍ ചാണകത്തോടൊപ്പം പുറത്തുവരുന്നുണ്ടോയെന്ന് നിരീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച കാത്തിട്ടും മാല കിട്ടാത്തതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തുകയായിരുന്നു‌.

ആമാശയത്തിലെ നാല്‌ അറകളില്‍ രണ്ടാമത്തേതായ റെട്ടിക്കുലത്തില്‍ നിന്നാണ്‌ മാല വീണ്ടെടുത്തത്‌. മാലയോടൊപ്പം വളഞ്ഞ ഇരുമ്പാണിയും ഏതാനും സിമനന്‍റ് കട്ടകളും പുറത്തെടുത്തു.

മാല പുറത്തെടുക്കാന്‍ ആമാശയത്തില്‍ നിന്നുള്ള ഭക്ഷണാവശിഷ്‌ടങ്ങള്‍ പുറത്തേക്ക്‌ മാറ്റി. ശസ്‌ത്രക്രിയയ്ക്ക്‌ ശേഷം ആമാശയത്തില്‍ നിന്ന്‌ നീക്കം ചെയ്‌ത ആഹാരാവശിഷ്‌ടങ്ങളും കൊത്തിയരിഞ്ഞ പുല്ലും നിശ്ചിത പരിധിവരെ നിറച്ചശേഷം മുറിവ്‌ തുന്നിച്ചേര്‍ത്തു.

പശുവിന്‍റെ വയറിന് ഇടതുവശം മരവിപ്പിച്ച ശേഷം നിര്‍ത്തിക്കൊണ്ടായിരുന്നു ശസ്‌ത്രക്രിയ. ജില്ലാ വെറ്ററിനറി ആശുപത്രി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ രമേശന്‍ബാബു ശസ്‌ത്രക്രിയയ്ക്ക്‌ നേതൃത്വം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :