മര്‍ദ്ദനമേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ശസ്ത്രക്രിയ

മെല്‍ബണ്‍| WEBDUNIA| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2010 (14:31 IST)
ഓസ്ട്രേലിയയിലെ സ്കൂളില്‍ വച്ച് മര്‍ദ്ദനമേറ്റ് കണ്ണ് തകര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശസ്ത്രക്രിയയ്ക്ക് വിധേയനായി. അപ്രതിക്ഷിതമായി ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിയും കുടുംബവും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോബിള്‍ പാര്‍ക്കിലെ കര്‍വാത കോളജില്‍ വച്ചായിരുന്നു 12 കാരനായ സ്കൂള്‍ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിനിരയായത്. കാരണമൊന്നും ഇല്ലാതെ രണ്ട് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ തന്നെ സ്കാര്‍ഫ് ഉപയോഗിച്ച് പിന്നിലേക്ക് വലിച്ചിഴയ്ക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍ത്തതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

തനിക്ക് മുന്‍‌പരിചയമില്ലാത്ത വിദ്യാര്‍ത്ഥികള്‍ തന്റെ എതിര്‍പ്പില്‍ കോപാകുലരായി മുഖത്തും കണ്ണിനും ഇടിക്കുകയായിരുന്നു എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥി ‘ദ ഏജ്’ ദിനപ്പത്രത്തോട് വെളിപ്പെടുത്തി. ഒക്ടോബര്‍ 18 ന് ആണ് സംഭവം നടന്നത്.

മകന്റെ തകര്‍ന്ന കണ്ണ് നേരെയാക്കാന്‍ ശസ്ത്രക്രിയ നടത്തി എന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് വെളിപ്പെടുത്തി. മകന്റെ കണ്ണില്‍ ഒരു ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിക്കേണ്ടി വന്നു എന്നും കണ്ണിന് സ്ഥിരമായ വൈകല്യം സംഭവിച്ചു എന്ന് ഭയക്കുന്നതായും പിതാവ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സുരക്ഷയെ കുറിച്ച് ആശങ്ക തോന്നുന്നു എന്നും അതിനാല്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സംഭവത്തെ വംശീയ ആക്രമണമായി പരിഗണിക്കാന്‍ കഴിയില്ല എന്നാണ് പ്രിന്‍സിപ്പലിന്റെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :