ട്രെയിനില്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ചയാള്‍ പിടിയില്‍

കോട്ടയം| WEBDUNIA|
സൌമ്യയുടെ മരണം നടന്നിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടും ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ റെയില്‍‌വേ തുടരുന്ന അലംഭാവത്തിന് മറ്റൊരുദാഹരണം കൂടി. വ്യാഴാഴ്ച രാവിലെ ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ ആക്രമിക്കാന്‍ വീണ്ടും ശ്രമമുണ്ടായി. എറണാകുളം-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ അതിക്രമിച്ചു കടന്നയാളാണ് വിദ്യാര്‍ഥിനികളെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയാണ് ഇയാള്‍ എന്നാണ് കരുതപ്പെടുന്നത്. സദാനന്ദന്‍ എന്നാണ് തന്റെ പേരെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അക്രമത്തില്‍ പരുക്കേറ്റ അഞ്ച് വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ കുറുപ്പന്തറ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ അകത്ത് അതിക്രമിച്ചു കയറിയ ഇയാള്‍ പെണ്‍കുട്ടികളെ തള്ളി താഴെയിടാന്‍ ശ്രമിച്ചു. ഏറ്റുമാനൂര്‍ ഐടിഐയില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെയായിരുന്നു അക്രമം. വിദ്യാര്‍ഥിനികള്‍ ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി ഇയാളെ കീഴ്പ്പെടുത്തി. തുടര്‍ന്ന് ഇയാളെ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിട്ടു.

കടുത്തുരത്തി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ ട്രെയിനില്‍ കയറിയ ഇയാള്‍ തന്ത്രപൂര്‍വ്വം ലേഡീസ് കമ്പാര്‍‌ട്ട്‌മെന്റില്‍ എത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :