കോഴിക്കോട്|
Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (12:51 IST)
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം പിന്നീട് കോടതിയില്‍ കൂറുമാറിയ ആറു സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുടര്‍നടപടികള്‍ കോഴിക്കോട് സിജെഎം കോടതിക്ക് വിട്ടിരിക്കുകയാണ്.
അന്‍ജിത് നാരായണന്‍, നിധിന്‍ നാരായണന്‍, കൊച്ചക്കാലന്‍ സുമേഷ്, വിജേഷ്, സുബിന്‍, സ്മിതേഷ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. കൂറുമാറിയ മറ്റ് സാക്ഷികള്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം പിന്നീട് പരിഗണിക്കും. പ്രോസിക്യൂഷന്‍ വിസ്തരിച്ച 166 പേരില്‍ 52 പേരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്.
കൂറുമാറിയ സുപ്രധാന സാക്ഷികള്‍ക്ക് എതിരെയാണ് ഇപ്പോഴത്തെ നടപടി. വകുപ്പ് 164 പ്രകാരമാണ് ഇവര്‍ രഹസ്യമൊഴി നല്‍കിയിരുന്നത്. പിന്നീട് ഇവര്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു. കുറ്റം തെളിഞ്ഞാല്‍ മൂന്നുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.