സുരക്ഷയും വീടും വേണ്ടെന്ന് ആന്‍റണി, ആഭ്യന്തരമന്ത്രാലയത്തിന് ആശയക്കുഴപ്പം

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 23 ജൂണ്‍ 2014 (11:49 IST)
തനിക്ക് ഇപ്പോഴുള്ള സുരക്ഷാ സംവിധാനങ്ങള്‍ പിന്‍‌വലിക്കണമെന്നും ഇപ്പോള്‍ താമസിക്കുന്ന ബംഗ്ലാവില്‍ നിന്ന് മാറ്റം വേണമെന്നും ആവശ്യപ്പെട്ട് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി. എന്ത് തീരുമാനമെടുക്കണമെന്നറിയാതെ ആഭ്യന്തര മന്ത്രാലയം. നിലവില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആന്‍റണി ഈ സംവിധാനങ്ങള്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കാണിച്ചാണ് ആഭ്യന്തരവകുപ്പിന് കത്തയച്ചിരിക്കുന്നത്.

വലിയ സുരക്ഷാ സംവിധാനങ്ങളും അകമ്പടിയുമൊക്കെയാണ് ആന്‍റണിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതൊന്നും തനിക്ക് ആവശ്യമില്ലെന്നും ഔദ്യോഗികപദവിയൊന്നും ഇപ്പോള്‍ വഹിക്കുന്നില്ലെന്നും കാണിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് ആന്‍റണി കത്തയയ്ക്കുകയായിരുന്നു. കൃഷ്ണമേനോന്‍ മാര്‍ഗിലെ വലിയ ബംഗ്ലാവില്‍ നിന്ന് ചെറിയ വസതിയിലേക്ക് മാറാനും ആന്‍റണി താല്‍‌പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വീടുമാറ്റത്തിന്‍റെ കാര്യത്തിലും ബന്ധപ്പെട്ട വകുപ്പ് തീരുമാനമൊന്നുമെടുത്തിട്ടില്ല.

ആന്‍റണിക്ക് സുരക്ഷ പിന്‍‌വലിക്കുന്നതിനെക്കുറിച്ച് വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ. തീരുമാനം കൈക്കൊള്ളാന്‍ രാജ്‌നാഥ് സിംഗ് ആന്‍റണിയോട് സാവകാശം ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :