ടിപി കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് സര്‍ക്കാരിന് നിയമോപദേശം. ടിപി കേസില്‍ നിയമോപദേശം തേടിയശേഷം സിബിഐ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. 2009 ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുക.
ടിപി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമിരിക്കുമെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമ അറിയിച്ചിരുന്നു. കേസിലെ ക്രിമിനല്‍ ഗൂഢാലോചന വിശാലമായതിനാല്‍ അത് സിബിഐ അന്വേഷിച്ചേ തീരൂവെന്നാണ് സര്‍ക്കാര്‍ നിലപാട്‍.
ടിപി വധകേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞുകഴിഞ്ഞതിനാല്‍ തുടര്‍ന്നുള്ള സിബിഐ അന്വേഷണത്തിന് നിയമ തടസങ്ങള്‍ ഉണ്ടോ എന്നാണ് സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചത്. സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്യുന്നതിന് കാബിനറ്റ് യോഗം ചേരേണ്ടതില്ല. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിയമോപദേശം അംഗീകരിച്ചാല്‍ മതി. അതനുസരിച്ച് സര്‍ക്കാറിന് വിജ്ഞാപനം പുറപ്പെടുവിക്കാം. അത് പരിശോധിച്ച് തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അനുകൂല തീരുമാനമായാല്‍ സിബിഐക്ക് കേസ് കൈമാറിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാം.