ജോണ്‍സന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു

ചെന്നൈ| WEBDUNIA|
വ്യാഴാഴ്ച രാത്രി അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. ആശുപത്രിയില്‍ എത്തും മുമ്പെ തന്നെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുനല്‍കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ ശഠിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രശ്നത്തില്‍ ഇടപെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

ജോണ്‍സണ്‍ മാഷിന്റെ മൃതദേഹം വൈകിട്ട് നാല് മണിക്കുള്ള വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ച് സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോകും എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അദ്ദേഹത്തിന്റെ മരണവാര്‍ത്തയോട് സിനിമാരംഗത്തുള്ളവര്‍ തണുത്ത രീതിയിലാണ് പ്രതികരിച്ചത് എന്ന് ആരോപണമുണ്ട്. വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ ഒരുനോക്ക് കാണാനോ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനോ സിനിമാ മേഖലയില്‍ നിന്നുള്ള ആരും ഉണ്ടായിരുന്നില്ല. പതിനൊന്ന് മണിയോടെ മാത്രമാണ് പല പ്രമുഖരും വന്നു തുടങ്ങിയത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ദീപക് ദേവ്, രാജാമണി, ഗായകരായ കെ എസ് ചിത്ര, സുജാത തുടങ്ങിയവരാണ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ടരയോടെ ചെന്നൈ പോരൂരിനടുത്ത് കാട്ടുപാക്കത്തുള്ള വീട്ടിലായിരുന്നു ജോണ്‍സണ്‍ മാഷിന്റെ അന്ത്യം. നടത്തം കഴിഞ്ഞ് തിരിച്ചെത്തി കുളിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ മുതല്‍ തൃശൂര്‍ നെല്ലിക്കുന്നിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ടോടെ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പളളിയില്‍ സംസ്കരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :