വി എസിനെ പാര്‍ട്ടി തിരുത്തുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തന്റെ പേരില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കാസര്‍ഗോഡ് ജില്ലയില്‍ നടപ്പാക്കിയ അച്ചടക്ക നടപടികള്‍ തിരുത്തുമെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവന സി പി എം നേതൃത്വം തിരുത്തി. പാര്‍ട്ടി വിരുദ്ധപ്രകടങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം ഇല്ലെന്നും ഇത്തരം കാര്യങ്ങള്‍ക്ക് മുതിരുന്നവര്‍ക്കെതിരെ ഇനിയും നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് ഞായറാഴ്ച വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയായിരുന്നു. മാത്രമല്ല, പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാനാണ്‌ വി എസ് ശ്രമിക്കുന്നതെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ ലക്ഷ്യം വച്ചാണ്‌ അദ്ദേഹം നീങ്ങുന്നതെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വി എസിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു വിമര്‍ശനം.

പ്രകടനം നടത്തിയവര്‍ക്കെതിരായ അച്ചടക്ക നടപടി തിരുത്തുമെന്ന രീതിയില്‍ വി എസ് കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയതായി സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒരു നേതാവിനെ മാത്രം അനുകൂലിച്ചുകൊണ്ടുള്ള പ്രകടനങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനപ്രകാരമാണ്. വി എസിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം വിശദീകരിക്കേണ്ടിവന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ വി എസ് അനുകൂല പ്രകടനം നടത്തിയ ഒമ്പതോളം പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടിയെയാണ് വി എസ് വിമര്‍ശിച്ചത്. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആയിരുന്നു നടപടി ഉണ്ടായത്.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്‌ തനിക്ക് പാര്‍ട്ടി വിലക്കുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞത് അപക്വമായി പോയെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. എല്ലാ അംഗങ്ങളും ഈ നിലപാടാണ് സ്വീകരിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്. എന്നാല്‍ അംഗങ്ങള്‍ നടത്തിയ വിമര്‍ശനങ്ങളോട് വി എസ് പ്രതികരിച്ചില്ലെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :