ജാതി സംഘടനകള്‍ നിലയ്ക്ക് നില്‍ക്കണം: പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
ജാതി സംഘടനകള്‍ അവരുടേതായ മേഖലകളില്‍ ഒതുങ്ങി നില്‍ക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മന്ത്രിമാരെയും മറ്റ് അധികാര സ്ഥാനങ്ങളെയും തീരുമാനിക്കാന്‍ അധികാരമില്ലെന്ന് ജാതി സംഘടനകള്‍ സ്വയം തിരിച്ചറിഞ്ഞില്ലെങ്കില്‍ അതിന്‍റേതായ ഭവിഷ്യത്തുണ്ടാകുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.

ഒരു ജാതി സംഘടനയ്ക്ക് അതിന്‍റേതായ പ്രവര്‍ത്തന പരിധിയുണ്ട്. ആ പരിധിക്കുള്ളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കണം. അത് സുകുമാരന്‍ നായരായാലും ആരായാലും. സുകുമാരന്‍ നായരെപ്പോലെ ഇത്തരം വര്‍ത്തമാനം പറയുന്ന വേറെയും ആള്‍ക്കാരുണ്ടല്ലോ. അവരും ഇത് മനസിലാക്കണം. എല്ലാം തീരുമാനിക്കുന്നത് തങ്ങളാണെന്ന ഭാവത്തില്‍ മുന്നോട്ടുപോയാല്‍ ആരും വിലവയ്ക്കാന്‍ പോകുന്നില്ല. സകല രാഷ്ട്രീയക്കാരുടെയും കാര്യങ്ങള്‍ നിശ്ചയിക്കാന്‍ ജാതി സംഘടനകള്‍ നോക്കേണ്ട - ഡി വൈ എഫ് ഐ യൂത്ത് മാര്‍ച്ച് സമാപനച്ചടങ്ങില്‍ പിണറായി തുറന്നടിച്ചു.

ഞങ്ങളുടെ കാര്യമെടുത്താല്‍, ഒരു ജാതിസംഘടനയുടെയും തിട്ടൂരം ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ മത നിരപേക്ഷതയ്ക്കൊപ്പമാണ്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷ സങ്കല്‍പ്പം ഉള്ളിലുള്ളവരാണ്. അവരും ഈ ജാതി സംഘടനകളുടെ നയത്തിനെതിരെ ഞങ്ങള്‍ക്കൊപ്പം വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നവോത്ഥാന നായകര്‍ നടത്തിയ മുന്നേറ്റ ശ്രമങ്ങളില്‍ നിന്ന് കേരളത്തെ പിന്നാക്കം നയിക്കാനാണ് ജാതി സംഘടനകള്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :