ചെന്നിത്തലയും ബാബുവും ശിവകുമാറും പണം വാങ്ങിയെന്ന് ബാറുടമകള്‍

ചെന്നിത്തല, മാണി, ശിവകുമാര്‍, ബാബു, സുധീരന്‍, ബാര്‍ കോഴ്, ജോര്‍ജ്
തിരുവനന്തപുരം| Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (19:35 IST)
ബാര്‍കോഴ വിവാദം കൂടുതല്‍ പൊട്ടിത്തെറിയിലേക്ക്. ധനമന്ത്രിയായ കെ എം മാണിയെക്കൂടാതെ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവരും പണം വാങ്ങിയതായി ബാറുടമകള്‍. ഇതുസംബന്ധിച്ച ശബ്‌ദരേഖ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തിലെ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.

രമേശ് ചെന്നിത്തലയ്ക്ക് കെ പി സി സി ഓഫീസില്‍ വച്ച് പണം കൊടുത്തതായി ബിജു രമേശ് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. എല്ലാം തുറന്നുപറഞ്ഞാല്‍ രമേശ് ചെന്നിത്തലയും കെ ബാബുവും വി എസ് ശിവകുമാറും പ്രതികളാകുമെന്ന് ബിജു രമേശും മറ്റ് ബാറുടമകളും പറയുന്നതായി ശബ്ദരേഖയില്‍ കേള്‍ക്കാം.

സത്യം തുറന്നുപറഞ്ഞാല്‍ നാലഞ്ചുമന്ത്രിമാര്‍ പുറത്തുപോകുമെന്നും ഭരണം നിലം‌പൊത്തുമെന്നും ബാറുടമകള്‍ പറയുന്നു. ആവശ്യമെങ്കില്‍ എല്ലാം തുറന്നുപറഞ്ഞ് എല്ലാം കത്തിക്കണമെന്നും ബാറുടമകള്‍ പറയുന്നുണ്ട്. നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് കാലത്ത് ശിവകുമാറിന് 20 ലക്ഷം രൂപ വീട്ടില്‍ കൊണ്ടുക്കൊടുത്തതായും ശബ്ദരേഖ പറയുന്നു.

താന്‍ കാശുവാങ്ങാത്തത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതായി ബാറുടമ വി എം രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. അതേസമയം, കെ എം മാണിക്കെതിരെ പുതിയ ഒരാരോപണവും ശബ്ദരേഖയില്‍ നിന്നു വ്യക്തമാകുന്നു. കംപ്യൂട്ടറൈസ് ചെയ്ത ഡെലിവറിംഗ് യൂണിറ്റ് മാനുവലാക്കാന്‍ മാണി ഒരു കോടി രൂപ ചോദിച്ചെന്നാണ് പുതിയ ആരോപണം. ഇതനുസരിച്ച് അത് മാ‍നുവലാക്കിയെന്നും യോഗത്തിന്‍റെ ശബ്ദരേഖയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :