തിരുവനന്തപുരം|
vishnu|
Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (17:36 IST)
ബാര്‍കോഴക്കേസിലെ പരാതി പിന്‍വലിക്കാന്‍ ധനമന്ത്രി കെ.എം. മാണിയുടെ ഇടനിലക്കാരന്‍ ബിജു രമേശുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. ബിജു രമേശ് വിജിലന്‍സിന് കൈമാറിയ സിഡിയിലെ സംഭാഷണമാണ് പുറത്ത് വന്നത്. ബാറുടമകളുടെ യോഗത്തിലെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.
ഫോണ്‍സംഭാഷണം പുറത്ത് വിട്ടത് വി ശിവന്‍കുട്ടി എംഎല്‍എ ആണ്. സിഡി ശിവങ്കുട്ടീ നിയമസഭയുടെ മേശപ്പുറത്ത് വച്ചതോടെ ഭരണപക്ഷം പ്രതിരോധത്തിലായി.
മന്ത്രി കെ എം മാണിക്കായി മരുമകന്റെ നിര്‍ദേശമനുസരിച്ച് ജോര്‍ജെന്നു പേരുള്ള ഇടനിലക്കാരന്‍ വിളിച്ചെന്നാണ് ബിജു രമേശ് യോഗത്തില്‍ പറയുന്നുണ്ട്. 10 കോടി തനിക്കും ഒരു കോടി സംഘടനയ്ക്കും തരാമെന്ന് കെ.എം. മാണി പറഞ്ഞതായി ബിജു രമേശ് പറയുന്നത് ശബ്ദരേഖയിലുണ്ട്. ഒപ്പം കൊച്ചിയിലെ ഒരു ബാറുടമയുടെ സംഭാഷണവും സിഡിയിലുണ്ട്. ഈ സംഭാഷണം ജോസ് കെ. മാണിയോടാണെന്നാണ് ബാറുടമ പറയുന്നത്.
രണ്ടു സിഡികളും വി ശിവന്‍കുട്ടി എംഎല്‍എ നിയമസഭയുടെ മേശപ്പുറത്തുവച്ചിട്ടുണ്ട്. മാണിക്കെതിരെ മറ്റൊരു അഴിമതി ആരോപണവും ശിവന്‍കുട്ടി ഉന്നയിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് 116 കോടിയുടെ റവന്യു റിക്കവറി സ്റ്റേ നല്‍കി. 2014 മാര്‍ച്ച് ഒന്നുവരെ 211 വ്യാപാരികള്‍ക്കാണ് സ്റ്റേ നല്‍കിയത്. മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ശിവന്‍കുട്ടി ആരോപിച്ചു.
അതിനിടെ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ. എം. മാണിക്കെതിരായ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി എംപി 10 കോടി രൂപ വാഗ്ദാനം ചെയ്തതായി ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തി.
മാണിക്കു കൊടുക്കാന്‍ മാണിയുടെ വീടിന്റെ ഗേറ്റിനു മുന്നില്‍ വച്ചു 15 ലക്ഷം രൂപ അസോസിയേഷന്‍ ട്രഷറര്‍ തങ്കച്ചനു കൈമാറിയതായി അസോസിയേഷന്‍ കോട്ടയം ജില്ലാ സെക്രട്ടറി സാജു ഡൊമിനിക് വെളിപ്പെടുത്തി. മാണിക്കു നല്‍കിയ പണത്തിന്റെ മൂന്നാം ഗഡുവായി 35 ലക്ഷം രൂപ അടങ്ങുന്ന ബാഗ് താനാണു കൈമാറിയതെന്നു ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയും പറഞ്ഞു.
ബാര്‍ കോഴയില്‍ മന്ത്രി കെ.എം മാണിക്കെതിരെ മൊഴി നല്‍കാന്‍ ബിജു രമേശ് വിളിച്ച് ചേര്‍ത്ത ബാറുടമകളുടെ യോഗത്തില്‍ വച്ചാണ് ബിജുരമേശ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ബാര്‍ ഉടമ അസോസിയേഷന്‍ പ്രസിഡന്‍റ് തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോഴ ഇടപാടിനെ കുറിച്ച് അറിവുള്ള ബാറുടമകള്‍ വിജിലന്‍സിനെ അങ്ങോട്ട് സമീപിച്ച് വിവരങ്ങള്‍ കൈമാറുമെന്നും ബിജു രമേശ് യോഗത്തിന് ശേഷം അറിയിച്ചു.