കൈവെട്ട് കേസ്: ശിക്ഷ മെയ് എട്ടിന് പ്രഖ്യാപിക്കും

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 5 മെയ് 2015 (12:32 IST)
അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ വിധി മെയ് എട്ടിന് പ്രഖ്യാപിക്കും. കൊച്ചി എന്‍ ഐ എ കോടതി ആയിരിക്കും വിധി പ്രഖ്യാപിക്കുക. പ്രോസിക്യൂഷന്റെയും പ്രതികളുടെയും ശിക്ഷ സംബന്ധിച്ച വാദം കേള്‍ക്കലായിരുന്നു ഇന്ന് നടന്നത്. ശിക്ഷാവിധി പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്കേണ്ടതുണ്ട്. ഇത് തയ്യാറാക്കാന്‍ സമയം ആവശ്യമായതിനാലാണ് വിധിപ്രഖ്യാപനം എട്ടാം തിയതിയിലേക്ക് മാറ്റിയത്.

അതേസമയം, എന്‍ ഐ എ കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വേണമെന്ന് എന്‍ ഐ എ ആവശ്യപ്പെട്ടു. പ്രതികള്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നും ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നില്ലെന്നും എന്‍ ഐ എ പറഞ്ഞു.

ഏപ്രില്‍ 30നായിരുന്നു കൈവെട്ട് കേസില്‍ കൊച്ചി എന്‍ ഐ എ കോടതി വിധി പ്രഖ്യാപിച്ചത്. കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച കോടതി 18 പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. കേസില്‍ 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയായിരുന്നു.

ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി,
റിയാസ്, അബ്‌ദുള്‍ ലത്തീഫ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും എതിരെ യു എ പി എ നേരത്തെ ചുമത്തിയിരുന്നു. എന്നാല്‍, വിധിപ്രഖ്യാപനത്തില്‍ മൂന്നുപേരെ യു എ പി എ ചുമത്തിയതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തുപേര്‍ക്കെതിരെ യു എ പി എ ചുമത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :