കേരള ലോട്ടറി: രണ്ടു കോടിക്ക് ഹാജരാക്കിയത് വ്യാജ ടിക്കറ്റ്

കൊച്ചി| WEBDUNIA|
PRO
PRO
സംസ്ഥാന ഭാഗ്യക്കുറിയുടെ 2011 ലെ കേരള മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ രണ്ടു കോടി രൂപ നേടുന്നതിനായി ബാങ്കില്‍ ഹാജരാക്കിയ ടിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ബാങ്കില്‍ ഹാജരാക്കിയ ടിക്കറ്റിനു നല്‍കുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നല്‍കിയ പരാതി വിചാരണയ്ക്ക് വന്ന അവസരത്തില്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയതാണിക്കാര്യം.

മലപ്പുറം തിരൂര്‍ സ്വദേശി കാവുങ്കല്‍ പറമ്പില്‍ സക്കീന കേരള മണ്‍സൂണ്‍ ബമ്പറിന്‍റെ 2 കോടിയുടെ സമ്മാനം ലഭിച്ച ടിക്കറ്റ് കാനറാ ബാങ്കിന്റെ തിരൂര്‍ ശാഖയില്‍ ഹാജരാക്കി എന്നും ഈ ടിക്കറ്റ് ബാങ്കില്‍ ജോലി ചെയ്യുന്ന സുനൈന എന്ന ജീവനക്കാരിയാണ്‌ കൈപ്പറ്റിയതെന്നും ഇതിനുള്ള സമ്മാന തുക ഇതുവരെ ലഭിച്ചില്ലെന്നും കാണിച്ച് ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിനോട് അനുബന്ധിച്ച് 2012 ഡിസംബര്‍ 17 ന്‌ തിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ആഭ്യന്തര മന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഈ ടിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. സക്കീന സമര്‍പ്പിച്ച ടിക്കറ്റിനു പിന്നിലെ ഏജന്‍സി സീലിലും സെക്യൂരിറ്റി കോഡിലും കൃത്രിമം കാട്ടിയിട്ടുണ്ടെന്നും നമ്പര്‍ അച്ചടിച്ചിരിക്കുന്നതിലെ വലിപ്പത്തില്‍ വ്യത്യാസമുണ്ടെന്നും കണ്ടെത്തിയതായും അന്വേഷണ സംഘം വെളിപ്പെടുത്തി.

എംസി104736 എന്ന നമ്പരിനാണു ഒന്നാം സമ്മാനം ലഭിച്ചത്. എന്നാല്‍ ഇതേ സമയം മുംബൈ സ്വദേശിയായ ശിവാജി എന്നയാളും ഇതേ നമ്പരില്‍ ടിക്കറ്റ് ഹാജരാക്കി. തിരുവനന്തപുരത്ത് വില്‍പ്പന നടത്തിയ ടിക്കറ്റിനാണു ഒന്നാം സമ്മാനം ലഭിച്ചത്. അന്വേഷണത്തില്‍ ശിവാജിയുടെ കൈവശമുള്ള ടിക്കറ്റാണ്‌ യഥാര്‍ത്ഥ ടിക്കറ്റെന്നു കണ്ടെത്തിയതായും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു.

ഇതു സംബന്ധിച്ച വിശദമായ അന്വേഷണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ്‌ പ്രത്യേക അന്വേഷണ സംഘത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അറ്റോര്‍ണി പി വിജയരാഘവന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :