ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസ്; തെളിവുകൾ സി ബി ഐ വളച്ചൊടിച്ചു?

ഇസ്രത് ജഹാന്‍, സി ബി ഐ, ആഭ്യന്തര മന്ത്രാലയം, മണി, വാർത്താ ഏജൻസി Ishrath Jahan, C B I, Mani, News Agency,
ന്യൂഡൽഹി| aparna shaji| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (16:33 IST)
ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മേധാവി ഐ ജി സതീഷ് വർമ തെളിവുകൾ വളച്ചൊടിച്ചുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍ വി എസ് മണി രംഗത്ത്. ഏറ്റുമുട്ടൽ അന്വേഷിച്ച ഐ ജി ചോദ്യം ചെയ്യലിനിടെ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് മണി വെളിപ്പെടുത്തി.

ആഭ്യന്തര വകുപ്പിന് വേണ്ടി കോടതിൽ രണ്ട് സത്യവാങ്മൂലം സമർപ്പിച്ചത് ആർ വി എസ് മണിയാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലത്തിൽ ഒപ്പു വെച്ചതെന്നും മണി വ്യക്തമാക്കി. ആദ്യം സത്യവാങ്മൂലം സമർപ്പിച്ചത് നിയമ മന്ത്രാലയങ്ങ‌ളുടെയും ആഭ്യന്തര വകുപ്പിന്റെയും അനുമതിയോടെയാണെന്നും അത് വ്യക്തവും കൃത്യവുമായിരുന്നുവെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മണി പറഞ്ഞു.

ഇസ്രത് ജഹാൻ താമസിച്ച സ്ഥലം, പൂർവ്വകാലത്തെക്കുറിച്ചുള്ള രേഖക‌ൾ, ആയുധങ്ങ‌ൾ സംഘടിപ്പിച്ച ശ്രോതസ്സ്, തുടങ്ങിയ വിവരങ്ങ‌ൾ ആദ്യത്തെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ രണ്ടാമത്തെ സത്യവാങ്മൂലം പൂർണമായും തിരുത്തപ്പെട്ടു. ഇത് തയ്യാറാക്കിയത് ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനാണ്. ഇതിനെകുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നും ആഭ്യന്തര സെക്രട്ടറിയുടെ അറിവോടെയല്ല ഈ തിരുത്തൽ എന്നും മണി കൂട്ടിച്ചേർത്തു.

ഫയലിൽ താൻ എഴുതിയ കുറിപ്പ് മേലുദ്യോഗസ്ഥർക്ക് പിടിച്ചില്ല എന്നതിന്റെ തളിവാണ് അവർ തന്നെ ഉപദ്രവിച്ചതെന്നും മണി അറിയിച്ചു. ചോദ്യം ചെയ്യുന്നതിനിടെ സതീഷ് വർമ തന്നോട് അപമര്യാദയായി പെരുമാറിയെന്നും സിഗരറ്റ് കൊണ്ട് തന്റെ തുടയിൽ പൊള്ളിക്കുകയും ചെയുതുവെന്ന് മണി വെളിപ്പെടുത്തി. അന്വേഷണ സംഘം എന്തിനാണ് തന്നെ ചോദ്യം ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം അറിയിച്ചു.

നിയമപ്രകാരമുള്ള ഉത്തരവ് ലഭിച്ചതിനെതുടർന്നാണ് രണ്ടാമത്തെ സത്യവാങ്മൂലത്തിൽ ഒപ്പുവെച്ചതെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തിരുത്തലുകൾ നടത്തിയതായി മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :