കെഎസ്ആര്‍ടിസിയുടെ ട്രിപ്പ് മുടക്കല്; യാത്രക്കാരനു നഷ്‌ടപരിഹാരം

ബസ് ട്രിപ്പ് മുടക്കി യാത്രക്കാരനെ മാനസികമായി ബുദ്ധിമുട്ടിച്ചതിന്‍റെ പേരില്‍ കെ എസ് ആര്‍ ടി സി 25000 രൂപ യാത്രക്കാരന് നഷ്‌ടപരിഹാരം നല്‍കാന്‍ വിധി. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ്‌ ഇതുമായി ബന്ധപ്പെട്ട് വിധി പുറപ്പെടുവിച്ചത്.
 
കാസര്‍കോട് നഗരസഭാ ജീവനക്കാരനായ കളനാട് ചന്ദ്രഗിരി കിഴക്കേവീട്ടില്‍ എ മുരളീധരന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് ചെമ്പിരിക്കയിലേക്ക് പോയി തിരികെ മടങ്ങുന്ന ബസിലെ സ്ഥിരം യാത്രക്കാരനായ ഹര്‍ജിക്കാരന്‍ 2013 ഓഗസ്റ്റ് പതിമൂന്നിനു രാവിലെ കാസര്‍കോഡേക്ക് പോകാനായി കീഴൂര്‍ എന്ന സ്ഥലത്തു കാത്തിരുന്നു. 
 
സുഹൃത്തിനൊപ്പം മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയിലേക്ക് പോകാനായിട്ടായിരുന്നു ഈ ബസ് കാത്തുനിന്നത്. എന്നാല്‍ ബസ് വരാത്തതിനാല്‍ സുഹൃത്തിനു നല്‍കിയ വാക്കുപാലിക്കാന്‍ കഴിഞ്ഞില്ലെന്നും ഈ വിഷമം കൊണ്ടാണു താന്‍ ഹര്‍ജി നല്‍കിയതെന്നുമാണ്‌ മുരളീധരന്‍ പറഞ്ഞത്.
 
ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും തുടര്‍ന്ന് മാനസികമായി ബുദ്ധിമുട്ടിച്ചതിനു ഹര്‍ജിക്കാരനു 25000 രൂപ നല്‍കാനും ഇതിനൊപ്പം കോടതി ചെലവായി 5000 രൂപ കൂടി നല്‍കാനും വിധിക്കുകയാണുണ്ടായത്.
കാസര്‍കോഡ്| Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (16:21 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :