കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കര്‍ഷക താല്‍‌പര്യങ്ങള്‍ സംരക്ഷിച്ചു മാത്രം: മന്‍‌മോഹന്‍ സിംഗ്

കൊച്ചി| WEBDUNIA|
PRO
PRO
കര്‍ഷകരുടെയും മലയോര ജനവിഭാഗങ്ങളുടെയും താല്‍‌പര്യങ്ങള്‍ സംരക്ഷിച്ചു മാത്രമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കൂയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മലയോര മേഖലയിലെ കൃഷിയെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രതികൂലമായി ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കി. തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെവി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈദ്ധാന്തിക കടുംപിടിത്തങ്ങള്‍ ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇനിയും ചുരുങ്ങിപ്പോകും. ഇടതുപക്ഷ സുഹൃത്തുക്കള്‍ കാലത്തിനനുസരിച്ച് മാറാന്‍ വിസമ്മതിക്കുകയോ മാറ്റങ്ങളെ നിരാകരിക്കുകയോ ചെയ്യുകയാണ്. സമകാലിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാകാത്തത് വളര്‍ച്ചയുടെയും വികസനത്തിന്റെയും വേഗം കുറയ്ക്കുന്നുണ്ട്. ജനങ്ങള്‍ ഇത് മനസ്സിലാക്കിയതു കൊണ്ടാണ് 2009-ലെ പൊതു തെരഞ്ഞെടുപ്പിലും തുടര്‍ന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേരളത്തിലും ബംഗാളിലും അവരെ തിരസ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ അതിക്രമങ്ങള്‍ അപലപനീയമാണ്. അക്രമ സംസ്‌കാരത്തെ കേരള ജനത തള്ളിക്കളയുമെന്ന് തനിക്ക് ഉറപ്പുണ്ട്. കേരളം സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും മത നിരപേക്ഷതയുടെയും തിളങ്ങുന്ന ഉദാഹരണമാണ്. അതുകൊണ്ടാണ് ബി ജെപി യെ പോലുള്ള വിഭാഗീയ ശക്തികള്‍ക്ക് ഇവിടെ ഇടം ലഭിക്കാത്തതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :